Uae
സാംസ്‌കാരിക കേന്ദ്രമായി അബൂദബിയിലെ പഴയ വിമാനത്താവള കെട്ടിടം
ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കാൻ പദ്ധതി
അബൂദബി|പ്രാദേശിക, അന്താരാഷ്ട്ര കലാ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന വേദിയായി അബൂദബിയിലെ പഴയ വിമാനത്താവളം. പഴയ വിമാനത്താവളത്തിലെ ടെർമിനൽ 1ൽ “നോമാദ് അബൂദബി’ പ്രദർശനം ഇതിന്റെ ഭാഗമായി മാറി. അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ പ്രദർശനം സന്ദർശിച്ചു.
പ്രസിദ്ധമായ വിമാനത്താവള കെട്ടിടത്തെ ഒരു സമകാലിക സാംസ്‌കാരിക ഇടമാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം അവലോകനം ചെയ്തു. പഴയ ടെർമിനൽ -1 തുറന്ന സാംസ്‌കാരിക, കലാ കേന്ദ്രമാക്കി മാറ്റുന്നത്, ഇമാറാത്തിന്റെ ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കാനും നൂതനവും സുസ്ഥിരവുമായ രീതിയിൽ പുനർനിർമിക്കാനുമുള്ള ദർശനത്തെ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വൃത്താകൃതിയിലുള്ള കെട്ടിടം, വൃത്താകൃതിയിലുള്ള കാത്തിരിപ്പ് മുറി, നിരവധി വാസ്തുവിദ്യാ ഇടങ്ങൾ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. സാംസ്‌കാരിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക ഘടകമായി സർഗാത്മകതയെ ആഘോഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.
---- facebook comment plugin here -----




