Connect with us

Uae

യു എ ഇയിൽ മൂടൽ മഞ്ഞിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് ട്രാഫിക് പിഴകൾ

ഗുരുതര നിയമലംഘനങ്ങൾക്ക് വലിയ പിഴയും ബ്ലാക്ക് പോയിന്റുകളും

Published

|

Last Updated

ദുബൈ| യു എ ഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രധാന ഹൈവേകളിലെ കാഴ്ചാപരിധി കുറയുന്ന സാഹചര്യമുണ്ട്. ഇത്തരം അവസരങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. കനത്ത മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും സുരക്ഷിതമായ അകലം പാലിക്കാനും വേരിയബിൾ സ്പീഡ് ലിമിറ്റുകൾ പിന്തുടരാനും അധികൃതർ അഭ്യർഥിച്ചു. പ്രധാന റോഡുകളിൽ കാഴ്ചാപരിധി കുറഞ്ഞതിനാൽ യാത്രക്കാർ യാത്രാസമയം അധികമായി കണക്കാക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചു.

മൂടൽമഞ്ഞുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. പോലീസ് കർശനമായി നിരോധിച്ച ഈ പ്രവൃത്തി ഡ്രൈവിംഗിനിടെ ശ്രദ്ധ മാറ്റുന്നതിനുള്ള പ്രധാന കാരണമാണ്. അടിയന്തര സാഹചര്യങ്ങളിൽ അധികൃതർക്ക് തടസ്സമുണ്ടാക്കിയാൽ 1,000 ദിർഹം പിഴ, നാല് ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവ ലഭിക്കും. ട്രാഫിക്, ആംബുലൻസ്, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്ക് തടസ്സമുണ്ടാക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.

മാറ്റിയ വേഗപരിധി പാലിക്കാതിരിക്കുന്നത് കർശന നിയമലംഘനമാണ്. നിശ്ചയിച്ച വേഗപരിധിയേക്കാൾ 20 കിലോമീറ്റർ/മണിക്കൂർ കൂടുതലെങ്കിൽ 300 ദിർഹം പിഴയും 80 കിലോമീറ്റർ/മണിക്കൂർ കൂടുതലെങ്കിൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും. ഹസാർഡ് ലൈറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ല. ഇത് ലൈൻ മാറ്റങ്ങൾ സിഗ്‌നൽ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. ഇങ്ങനെ ചെയ്താൽ 500 ദിർഹവും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇൻഡിക്കേറ്റർ ഇല്ലാതെ ലൈൻ മാറുന്നത് 400 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.

 

 

---- facebook comment plugin here -----

Latest