Kerala
ജമാഅത്തെ ഇസ്്‌ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിനെതിരെ താക്കീതുമായി ഇ കെ വിഭാഗം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം
കോഴിക്കോട് | മുസ്്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതിനെതിരെ മുന്നറിയിപ്പുമായി ഇ കെ വിഭാഗം. രാഷ്ട്രീയത്തിന്റെ പേരില്‍ കൂട്ടുകൂടാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുമെന്ന് മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്്‌ലാമിയെ അകറ്റി നിര്‍ത്തണമെന്നും തങ്ങള്‍ അകറ്റി നിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. 40കളില്‍ ജമാഅത്തെ ഇസ്ലാമി വന്നു. പല കോലത്തില്‍ അവര്‍ വരും. ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയായി വന്നു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തി. ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറും- ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയാല്‍ കൂടെ കൂട്ടുന്നവരെ ആകെ തകര്‍ക്കുമെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. അവരോട് അകലം പാലിക്കണമെന്നും നേരത്തെ നിര്‍ത്തിയേടത്ത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയാണ് യു ഡി എഫ് മത്സരിക്കുന്നത്. പാണക്കാട് തങ്ങള്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. എന്നാല്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പേരെടുത്ത് പറയാതെയായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം

