Uae
റോഡ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി ശൈഖ് ഹംദാൻ
റോഡ് പദ്ധതികൾക്ക് പുതിയ വാസ്തുവിദ്യാ ഐഡന്റിറ്റി
ദുബൈ|ട്രേഡ് സെന്റർ റൗണ്ട്എബൗട്ട്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതികളുടെ പുരോഗതി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിലയിരുത്തി. ഏഴ് പാലങ്ങളുടെയും മൂന്ന് തുരങ്കങ്ങളുടെയും നിർമാണം ഉൾപ്പെടുന്ന 130 കോടി ദിർഹമിന്റെ നിക്ഷേപമാണ് ഈ പദ്ധതികളിൽ നടക്കുന്നത്.
ഏഴ് പ്രധാന ജില്ലകളെ ഈ പദ്ധതികൾ സ്വാധീനിക്കുമെന്നും പത്ത് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ദുബൈയിലെ റോഡ് പദ്ധതികൾക്കായുള്ള പുതിയ വാസ്തുവിദ്യാ ഐഡന്റിറ്റിക്ക് അംഗീകാരം നൽകിയതായും, നഗര അടിസ്ഥാന സൗകര്യങ്ങളെ സാംസ്‌കാരിക, കലാപരമായ ലാൻഡ്മാർക്കുകളായി മാറ്റുന്ന “ദുബൈ ടണൽസ്’ സംരംഭത്തെക്കുറിച്ച് വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളിലും സംയോജിത പൊതുഗതാഗതത്തിലും തുടർച്ചയായി നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


