Connect with us

Uae

ദുബൈ റൺ നാളെ; പത്ത് ലക്ഷം ആളുകൾ പങ്കെടുക്കും

നഗരത്തിലെ ഏറ്റവും വലിയ കമ്യൂണിറ്റി പരിപാടി

Published

|

Last Updated

ദുബൈ|ഈ വർഷത്തെ ഏറ്റവും വലിയ കമ്യൂണിറ്റി ഫിറ്റ്‌നസ് പരിപാടികളിലൊന്നായ “ദുബൈ റൺ 2025′ നാളെ നടക്കും. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഈ പ്രധാന മത്സരത്തിനായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന പരിപാടി ദുബൈയിലെ ശൈഖ് സായിദ് റോഡിനെ ഒരു കൂറ്റൻ ഓട്ട ട്രാക്കായി മാറ്റും. ഓട്ടം രാവിലെ 6.30ന് ആരംഭിക്കും. വിവിധ തലത്തിലുള്ള ഓട്ടക്കാർക്കായി രണ്ട് പ്രധാന റൂട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് കിലോമീറ്റർ റൂട്ട് കുടുംബങ്ങൾക്കും തുടക്കക്കാർക്കും അനുയോജ്യമായ പാതയാണ്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപമുള്ള ശൈഖ് സായിദ് റോഡിൽ നിന്ന് ആരംഭിച്ച് ദുബൈ മാളിനും ബുർജ് ഖലീഫയ്ക്കും അടുത്തുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡിലാണ് അവസാനിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇവിടെ എത്താൻ സാധിക്കും.

പത്ത് കിലോമീറ്റർ റൂട്ട് കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് വേണ്ടിയുള്ളതാണ്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപമുള്ള ശൈഖ് സായിദ് റോഡിൽ നിന്ന് ആരംഭിച്ച് ഡി ഐ എഫ് സി ഗേറ്റ് ബിൽഡിംഗിലാണ് അവസാനിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ബിബ്, ടി – ഷർട്ട് എന്നിവ ദുബൈ മുനിസിപ്പാലിറ്റി 30×30 ഫിറ്റ്‌നസ് വില്ലേജ്, സഅബീൽ പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് കൂടി ശേഖരിക്കാം.

ഓട്ടത്തിന്റെ ഭാഗമായി ദുബൈയിലെ പ്രധാന റോഡുകളിൽ താത്കാലികമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഞായറാഴ്ച പുലർച്ചെ മൂന്ന് മുതൽ രാവിലെ പത്ത് വരെയാണ് ഗതാഗത പദ്ധതി നടപ്പാക്കുക. ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിനും അൽ ഹദീഖ് റോഡ് ബ്രിഡ്ജിനും ഇടയിലുള്ള ശൈഖ് സായിദ് റോഡ്, ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡിന്റെ ഒരു ദിശ, അൽ സുക്കൂക്ക് സ്ട്രീറ്റിന്റെ ഒരു ദിശ എന്നിവ അടച്ചിടും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വാഹനമോടിക്കുന്നവർ അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വസൽ റോഡ്, അൽ ഖൈൽ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് ആർ ടി എ നിർദേശിച്ചു. ദുബൈ റൺ 2025-ന്റെ ഭാഗമായി ദുബൈയുടെ സാലിക് സമയവും ടോൾ നിരക്കുകളും ക്രമീകരിക്കുന്നതാണ്.

 

Latest