Kerala
താമരശ്ശേരി ഫ്രഷ്‌കട്ട് സമരം; ഒരാള്‍ കൂടി അറസ്റ്റില്‍
ഫ്രഷ് കട്ടിന്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
കോഴിക്കോട്| താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. കൂടത്തായി പുവ്വോട്ടില്‍ റസാഖ് ആണ് അറസ്റ്റിലായത്. ഫ്രഷ് കട്ടിന്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്‌ക്വാഡും, പോലീസും ചേര്‍ന്നാണ് കൂടത്തായിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം റസാഖിനെ അറസ്റ്റ് ചെയ്തത്. 351 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇതില്‍ 22 പേരാണ് നിലവില്‍ അറസ്റ്റിലായത്. കേസില്‍ നിരവധിപേര്‍ ഒളിവിലാണ്.
താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയിലെ ഏക അറവുമാലിന്യ പ്ലാന്റ് ആണ് ഇത്. പ്ലാന്റ് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.


