Kerala
ശബരിമല സ്വര്‍ണക്കവര്‍ച്ച: എന്‍ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും വീണ്ടും ചോദ്യം ചെയ്യും
എ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കവര്‍ച്ചാകേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ എ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
വിജയകുമാറിനെയും ശങ്കരദാസിനെയും ചോദ്യം ചെയ്യുന്നതിനായി ഉടന്‍ നോട്ടീസ് നല്‍കും. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ പത്മകുമാര്‍ ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍ കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കട്ടെ എന്നതായിരുന്നു അന്ന് എന്‍ വിജയകുമാറും കെ പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര്‍ രണ്ടുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
എ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ എസ് എ ടി തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ് ഐ ടി സംഘം റെയ്ഡ് നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.
വനിത പോലീസ് ഉദ്യോഗാസ്ഥര്‍ അടമുള്ള സംഘമാണ് പരിശോധന നടത്തിയത്. വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.
ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ തട്ടിപ്പ് നടത്താന്‍ അവസരം ഒരുക്കി കൊടുത്തതില്‍ പത്മകുമാറിന്റൈ പങ്ക് എസ് ഐ ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.



