Kerala
വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനിടെ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി; കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്ന് സൂചന
രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു.വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് ദുല്‍ഖര്‍ പ്രതികരിച്ചില്ല.

കൊച്ചി| ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. നടന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചില്ല.
നേരത്തെ ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുല്‍ഖര്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, നടന്‍ പൃഥ്വിരാജിന്റെ വീട്, നടന്‍ അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം ഇഡിയുടെ പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി വ്യക്തമാക്കി.