Kerala
ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ല; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം
വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം

ന്യൂഡല്‍ഹി | വയനാട് ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം കോടതിയില്‍ നിലപാടെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് വായ്പ എഴുതിത്തള്ളുക എന്നത്. അതിനാല്‍ത്തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പൊതുമേഖലാ ബേങ്കുകള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബേങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ്. ബേങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങമൂലത്തില്‍ വ്യക്തമാക്കി.
അതേ സമയം കേന്ദ്ര നിലപാടിനെതിരെ കോടതി രൂക്ഷമായി വിമര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയാണ് മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തില്‍ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാല്‍ സാദ്ധ്യമല്ലെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുകൂടേയെന്ന് കോടതിയും ആരാഞ്ഞു. ഇതിനുള്ള മറുപടിക്ക് പല തവണ കേന്ദ്രം സമയം നീട്ടി ചോദിച്ചിരുന്നു.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ 35.30 കോടി രൂപയാണ് 12 ദേശസാത്കൃത ബേങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുളളത്. കേരള ബേങ്ക് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയിരുന്നു