Connect with us

Kerala

സമസ്ത 100ാം വാര്‍ഷികാഘോഷങ്ങള്‍: ഡിസംബര്‍ 30 ന് കാസര്‍ഗോഡ് പ്രഖ്യാപനം

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മാലിക് ഇബ്‌നു ദീനാറിന്റെ പേരില്‍ സജ്ജീകരിച്ച നഗരിയില്‍ തുടക്കം കുറിക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും.

Published

|

Last Updated

 കോഴിക്കോട് | ഇരുപതാം നൂറ്റാണ്ടിലെ കേരളീയ മുസ്ലിംകളുടെ വിശ്വാസ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ പണ്ഡിതകൂട്ടായ്മയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസര്‍ക്കോട്ട് ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കും. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മാലിക് ഇബ്‌നു ദീനാറിന്റെ പേരില്‍ സജ്ജീകരിച്ച നഗരിയില്‍ തുടക്കം കുറിക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും. Sവിദ്യാഭ്യാസ -തൊഴില്‍ -നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്തയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികള്‍ ആണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുക.

ആത്മീയ ഔന്നത്യവും ക്ഷേമോന്മുഖമായ ജീവിതവും കൈവരിക്കാന്‍ മുസ്ലിം വിശ്വാസികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് സമസ്ത. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രബോധന ദൗത്യങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സമസ്ത ഒരേ മനസ്സോടെ ശ്രദ്ധ ചെലുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സവിശേഷമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉടലെടുക്കുന്നത്. മലബാര്‍ സമരത്തിനു ശേഷമുണ്ടായ മുസ്ലിം സമൂഹിക സാഹചര്യമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം. ദുരന്തപൂര്‍ണ്ണമായ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു മതനിഷേധ പ്രസ്ഥാനങ്ങളും മത വ്യതിയാനപ്രസ്ഥാനങ്ങളും മറ്റ് നിക്ഷിപ്ത താല്പര്യമുള്ള വിവിധ വിഭാഗങ്ങളും മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തരമായ കെട്ടുറപ്പിലും പൊതു സമൂഹവുമായുള്ള ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്ത്താന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് സാമുദായികമായ സമുദ്ധാരണം ലക്ഷ്യമിട്ട് 1926 ല്‍ സമസ്ത പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്ര നിര്‍മ്മാണത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും വഴിയില്‍ മുസ്ലിം സമൂഹത്തെ വഴിനടത്തുകയായിരുന്നു സമസ്ത.
ലോകത്തെവിടെയുമുള്ള മുസ്ലിം സാമൂഹിക ചരിത്രത്തിലുണ്ടായതു പോലെ മതപണ്ഡിതന്മാരാണ് കേരളത്തിലും സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . മുസ്ലിം നവോത്ഥാന നായകരായിരുന്ന മഖ്ദൂം പണ്ഡിതന്മാരുടെയും മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി തുടങ്ങിയവരുടേയും പാരമ്പര്യത്തില്‍ നിന്നു കൊണ്ട് ബഹു.വരക്കല്‍ മുല്ലക്കോയ തങ്ങളുടേയും പാങ്ങില്‍ എ പി അഹ്‌മദ് കുട്ടി മുസ്ലിയാരുടേയും നേതൃത്വത്തില്‍ ആണ് ഈ പണ്ഡിത കൂട്ടായ്മ രൂപം കൊണ്ടത്. ഒരു പണ്ഡിത സംഘടനയായി നിലനില്‍ക്കുമ്പോഴും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവശ്യമായ വിവിധ പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ സമസ്ത തുടക്കം മുതലേ ശ്രദ്ധിച്ചു.

ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ബഹുദൂരം മുന്നോട്ടു പോകാന്‍ സമസ്തയുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മതപഠന മേഖലയില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ചെടുക്കാന്‍ സമസ്ത മുന്‍കയ്യെടുത്തു. അതേസമയം തന്നെ ഭൗതിക വിദ്യാഭ്യാസത്തില്‍ സമുദായത്തിന് ഗതിവേഗം പകരാനും കൂടുതല്‍ ജനകീയമാക്കാനും സമസ്തയ്ക്ക് കീഴിലുള്ള ബഹുജന സംഘടനകള്‍ക്കും വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.
കേരളമുസ്ലിം ജമാഅത്ത് സമസ്തയുടെ ബഹുജന സംഘടനയാണ്. സമസ്ത കേരള സുന്നി യുവജന സംഘം ആണ് സമസ്തയുടെ യുവജന പ്രസ്ഥാനം. 1953 ല്‍ രൂപീകൃതമായ ഈ യുവജന പ്രസ്ഥാനമാണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളെ സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ്അമ്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. മദ്രസ്സ വിദ്യാഭ്യാസത്തെ സമൂലമായി പരിഷ്‌കരിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ ബോര്‍ഡും , മദ്‌റസ അധ്യാപകര്‍ക്ക് വേണ്ടി ജംഇയ്യത്തുല്‍ മുഅല്ലിമീനും, മാനേജ്‌മെന്റ് ശാക്തീകരണത്തിന് വേണ്ടി എസ് എം എ യും പ്രവര്‍ത്തിക്കുന്നുണ്ട്.

ജാമിഅത്തുല്‍ ഹിന്ദ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല സംവിധാനമാണ് ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമന്വയ മേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സമസ്തയുടെ മുന്‍കൈയില്‍ രൂപീകരിച്ച ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയാണ് അഖിലേന്ത്യാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര രംഗത്തും ഇതര രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫത്വാ കൗണ്‍സിലുകളുമായും സമസ്ത യോജിച്ചു പ്രവര്‍ത്തിക്കുന്നു.

സമസ്തയുടെ നേതൃ സിദ്ധിയും, സുസംഘടിത പ്രവര്‍ത്തനവും ജനകീയതയും കൊണ്ട് വര്‍ഗീയവും തീവ്രവാദ വിഘടന സ്വഭാവമുള്ളതുമായ എല്ലാ ചിന്താവൈകല്യങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞത് സമകാലിക സമൂഹത്തില്‍ എടുത്ത് പറയേണ്ടതാണ്. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാന്‍ യുവാക്കളെ സ്വാതന്ത്ര്യാനന്തരം നിരന്തരമായി പ്രചോദിപ്പിച്ച ചരിത്രമാണ് സമസ്തയുടേത്. ഇത്തരത്തില്‍ ത്യാഗപൂര്‍ണവും അത്യുജ്ജ്വലവുമായ ചരിത്ര പാരമ്പര്യമുള്ള പണ്ഡിത സംഘടനയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ സാമുദായിക ശാക്തീകരണ രംഗത്തും സാമൂഹിക വികസന മേഖലകളിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടായിരിക്കും സമാപിക്കുക. അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സമസ്ത ഒരുക്കും. റഈസുല്‍ ഉലമ സുലൈമാന്‍ മുസ്ല്യാര്‍ സമസ്തയുടെ പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയും കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ട്രഷററും ആയ കമ്മറ്റിയാണ് ഈ പണ്ഡിത സഭക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

ഇതു സംബന്ധമായി വിളിച്ചുചോർത്ത പത്ര സമ്മേളനത്തില്‍ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി എന്നിവർ പങ്കെടുത്തു.

Latest