Kerala
ആലപ്പുഴ സി പി എമ്മിലെ നഗ്നദൃശ്യ വിവാദം: തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് എ പി സോണ
'കമ്മീഷന്റെ ആദ്യ തെളിവെടുപ്പില്‍ സാമ്പത്തിക പരാതി മാത്രമാണുണ്ടായിരുന്നത്. നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന് പിന്നീട് സമ്മര്‍ദത്തിലൂടെ എഴുതിച്ചേര്‍ക്കുകയായിരുന്നു.'

ആലപ്പുഴ | ആലപ്പുഴ സി പി എമ്മിലെ നഗ്നദൃശ്യ വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പാര്‍ട്ടി മുന്‍ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ പി സോണ. കമ്മീഷന്റെ ആദ്യ തെളിവെടുപ്പില്‍ സാമ്പത്തിക പരാതി മാത്രമാണുണ്ടായിരുന്നത്. നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന് പിന്നീട് സമ്മര്‍ദത്തിലൂടെ എഴുതിച്ചേര്‍ക്കുകയായിരുന്നു. മാഫിയകളെ തുറന്നുകാട്ടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വേട്ടയാടാന്‍ തുടങ്ങുകയായിരുന്നുവെന്ന് സോണ സ്വകാര്യ ചാനലിനോടു സംസാരിക്കവേ പറഞ്ഞു.
സജി ചെറിയാനൊപ്പം നില്‍ക്കുന്നവരാണ് ഗൂഢാലോചനക്ക് പിന്നിലെന്നും സോണ പ്രതികരിച്ചു. പാര്‍ട്ടി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുപ്പിച്ചത് സജി ചെറിയാന്‍ പക്ഷത്തെ നേതാക്കളാണെന്ന് അദ്ദേഹം വിശദമാക്കി.
ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിക്കുള്ള തീരുമാനം കൈക്കൊണ്ടത്.