National
കാണ്ടഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു
വ്യവസായിയെന്ന വ്യാജേന ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ന്യൂഡല്‍ഡഹി | കാണ്ടഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വിട്ടില്‍ വെച്ച് മിസ്ത്രിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ്റിപ്പോര്‍ട്ട്.1999ല്‍ ഐസി-814 എന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാളാണ് സഹൂര്‍ മിസ്ത്രി. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി സഹൂറിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വ്യവസായിയെന്ന വ്യാജേന ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
1999 ലാണ് കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരര്‍ റാഞ്ചിയത്. വിമാനം കാണ്ടഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരര്‍ ബന്ദികളാക്കി. ഇന്ത്യയില്‍ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നില്‍ ഒടുവില്‍ സര്‍ക്കാറിന് വഴങ്ങേണ്ടി വന്നു. ഭീകരവാദി ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് എന്നിവരെ അന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.