Connect with us

Editorial

വീണ്ടും കഠാര രാഷ്ട്രീയത്തിന്റെ രക്തക്കറ

പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ജീവന്‍ പൊലിയുന്നത് സാധാരണക്കാരുടേതാണ്. ശരാശരിയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്ന പവപ്പെട്ടവരും കുടുംബത്തിന്റെ നെടുംതൂണും ആശ്രയവുമായവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.

Published

|

Last Updated

കണ്ണൂരില്‍ വീണ്ടും കഠാര രാഷ്ട്രീയത്തിന്റെ രക്തക്കറ. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി പി എം പ്രവര്‍ത്തകനായ ഹരിദാസ് ക്രൂരമായി കൊല ചെയ്യപ്പെട്ടു. മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരക്ക് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു വെച്ചാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. ഇരുപതിലധികം വെട്ടുകള്‍ ഏറ്റിട്ടുണ്ട് അദ്ദേഹത്തിന്റെ ശരീരത്തില്‍. അരക്കു താഴെയാണ് മുറിവുകളേറെയും. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലുമാണ്. ബഹളം കേട്ട് വീട്ടുമുറ്റത്തെത്തിയ ബന്ധുക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. ഹരിദാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ സഹോദരനും വെട്ടേറ്റു. കൊലക്കുപയോഗിച്ച വാളും ഇരുമ്പ് ദണ്ഡും ഹരിദാസിന്റെ വീട്ടു പറമ്പില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുമ്പ് പുന്നോലിലെ ഉത്സവവുമായി ബന്ധപ്പെട്ടു നടന്ന സി പി എം- ബി ജെ പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൃത്യം നിര്‍വഹിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബി ജെ പി പ്രാദേശിക നേതാവും തലശ്ശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറുമായ വിജേഷിന്റെ പ്രകോപനപരമായ പ്രസംഗം ഇതിനു ബലമേകുകയും ചെയ്യുന്നു. ‘പുന്നോലിലെ ക്ഷേത്രത്തില്‍ വെച്ച് സി പി എമ്മുകാര്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ആക്രമണം വളരെ വൈകാരികമായാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രവര്‍ത്തകരുടെ ശരീരത്തിന് മേല്‍ കൈവെച്ചാല്‍ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇവിടുത്തെ സി പി എം നേതാക്കള്‍ക്ക് അക്കാര്യം നന്നായിട്ട് അറിയാമല്ലോ’ എന്നായിരുന്നു വിജേഷിന്റെ പ്രസംഗം.

കണ്ണൂരിലെ ആര്‍ എസ് എസ്-സി പി എം സംഘര്‍ഷത്തിന് അരനൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട്. 1969 ഏപ്രില്‍ 21ന് ഇന്നത്തെ ബി ജെ പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനാണ് കണ്ണൂരില്‍ ആദ്യമായി ആര്‍ എസ് എസ്-സി പി എം കുടിപ്പകയില്‍ കൊല്ലപ്പെടുന്നത്. പകരം വീട്ടലുകളുടെ രൂപത്തില്‍ ഈ കൊലക്കത്തി രാഷ്ട്രീയം പിന്നീട് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ തുടര്‍ന്നു 1971ല്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ക്കിടയിലെ കുടിപ്പക കൂടുതല്‍ രൂക്ഷമായി. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഉല്ലേഖ് എഴുതിയ പുസ്തകത്തിലെ കണക്ക് പ്രകാരം 2017 വരെയായി 78 സി പി എമ്മുകാരും 68 ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരും ജില്ലയില്‍ രാഷ്ട്രീയ പ്രതിയോഗികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. കൊല്ലേണ്ടയാളെ മുന്‍കൂട്ടി തീരുമാനിച്ച് ദിവസങ്ങളോളം പിന്തുടര്‍ന്ന് സമയവും സന്ദര്‍ഭവും നോക്കിയാണ് കൊല നടത്തുന്നത്. പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ജീവന്‍ പൊലിയുന്നത് സാധാരണക്കാരുടേതാണ്. ശരാശരിയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്ന പാവപ്പെട്ടവരും കുടുംബത്തിന്റെ നെടുംതൂണും ആശ്രയവുമായവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട ഹരിദാസും ഒരു കുടുംബത്തിന്റെ നെടുംതൂണാണ്.

കഠാര രാഷ്ട്രീയത്തിന്റെ ഈ അരനൂറ്റാണ്ടിന്റെ പിന്നിടലില്‍ കൊലപാതകത്തിന്റെ രീതിയിലും കൊലക്കുപയോഗിക്കുന്ന ആയുധങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വന്നു. 1969ല്‍ രാമകൃഷ്ണനെ കൊന്നത്, കല്‍പ്പണിക്കാരുടെ മഴു ഉപയോഗിച്ചായിരുന്നു. ഇന്ന് ആ സ്ഥാനത്ത് അത്യാധുനിക ബോംബുകള്‍ വരെ ഉപയോഗിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ തീവ്രവാദികള്‍ ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന നൈട്രോ മീഥെയ്ന്‍ ചേര്‍ത്ത വീര്യം കൂടിയ ബോംബുകള്‍ പോലും കണ്ണൂരില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനിടെ പോലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്ഫോടന ശേഷിയിലും മാരകമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് കൃത്യം നിര്‍വഹിക്കുന്നതിനു പകരം ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുന്നതും പതിവാണ്. അടുത്ത കാലത്തായി നടന്ന പല കൊലപാതകങ്ങളിലും കൊല നടത്താന്‍ ആഡംബര വാഹനങ്ങളിലെത്തിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നില്ല, ബാര്‍ മുതലാളിമാരും ബ്ലേഡ് മാഫിയകളും പോറ്റിവളര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു.

ഇടക്കാലത്ത് അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന ചിന്ത രാഷ്ട്രീയ നേതൃത്വങ്ങളില്‍ വിശിഷ്യാ ബി ജെ പി, സി പി എം കേന്ദ്രങ്ങളില്‍ വളര്‍ന്നു വരികയും ഈ ലക്ഷ്യത്തില്‍ ചില നീക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. പുതിയ തലമുറയില്‍ ഈ ചിന്ത ശക്തമാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പിയും കേരളത്തില്‍ ഇടതുപക്ഷവും ബഹൂഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതോടെ കണ്ണൂര്‍ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകുകയാണോ എന്നു സംശയിക്കേണ്ടതുണ്ട്. ആത്യന്തികമായി ഇത് പാര്‍ട്ടികള്‍ക്ക് നഷ്ടമേ വരുത്തിവെക്കുകയുള്ളൂ. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഒരു പാര്‍ട്ടിയെയും നശിപ്പിക്കാനാകില്ല. പലപ്പോഴും രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അത് ഗുണമേ ചെയ്യൂ. എതിരാളികളുടെ ആശയ പാപ്പരത്തം തുറന്നുകാട്ടിയും തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മേന്മ ഉയര്‍ത്തിപ്പിടിച്ചുമാണ് ജനങ്ങളെ ആകര്‍ഷിക്കേണ്ടതും പാര്‍ട്ടിയെ വളര്‍ത്തേണ്ടതും. ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ വിശിഷ്യാ ആര്‍ എസ് എസ് നടത്തിവരുന്ന ആയുധ പരിശീലന ക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. കണ്ണൂരില്‍ അരങ്ങേറുന്ന ആര്‍ എസ് എസ് ആക്രമണങ്ങള്‍ക്ക് വലിയൊരളവോളം പ്രചോദനം അണികള്‍ക്കു ലഭിക്കുന്ന ആയുധ പരിശീലനമാണെന്നത് ഒരു രഹസ്യമല്ല. ഹരിദാസിന്റെ കൊലയാളികള്‍ പരിശീലനം നേടിയവരാണെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്.

 

---- facebook comment plugin here -----

Latest