International
സംഘര്‍ഷത്തിനൊടുവില്‍ ഇമ്രാന് ആശ്വാസമായി കോടതി ഉത്തരവ്; നാളെ രാവിലെ 10 വരെ അറസ്റ്റ് തടഞ്ഞു
ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പോലീസ് പിന്മാറിയതോടെ ഇമ്രാന്‍ ഖാന്റെ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി.
 
		
      																					
              
              
            ലാഹോര്‍ | സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പാക് മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസമായി കോടതി വിധി. ഇമ്രാന്‍ഖാന്റെ അറസ്റ്റ് ലാഹോര്‍ കോടതി തടഞ്ഞു. നാളെ രാവിലെ 10 വരെ പോലീസ് നടപടി നിര്‍ത്തിവെക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇമ്രാനെ അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമാന്‍ പാര്‍ക്കിലെത്തിയ പോലീസ് സംഘത്തോട് മടങ്ങാനും കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പോലീസ് പിന്മാറിയതോടെ ഇമ്രാന്‍ ഖാന്റെ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. വസതിക്ക് പുറത്തെത്തിയ ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു.
ഇമ്രാന്‍ ഖാനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.
പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ അമിത വിലയ്ക്കു വിറ്റ് നികുതി വെട്ടിപ്പ് നടത്തിയെന്ന തോഷാഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി മൂന്ന് ദിവസം മുമ്പാണ് ഇസ്ലാമാബാദ് പോലീസ് ലാഹോറിലെത്തിയത്. എന്നാല്‍, വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി ഇമ്രാന്‍ അറസ്റ്റിനെ പ്രതിരോധിച്ചു. പോലീസും പ്രവര്‍ത്തകരുമായി നിരവധി തവണ ഏറ്റുമുട്ടുകയും ചെയ്തു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

