International
എയ്റോസ്ട്രക്ചര്‍ നിര്‍മാണം; കരാറില്‍ ഒപ്പ്‌വച്ച് സഊദി മിലിട്ടറി ഇന്‍ഡസ്ട്രീസും ഫ്രഞ്ച് കമ്പനിയും

റിയാദ് | സഊദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (സാമി) ഫ്രഞ്ച് കമ്പനിയായ ഫിജിയാക് എയ്റോ ഗ്രൂപ്പുമായി ചേര്‍ന്ന് എയ്റോസ്ട്രക്ചര്‍ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംയുക്ത കരാറില്‍ ഒപ്പ്‌വച്ചു. സഊദി അറേബ്യന്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ദുസ്സൂറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
സഊദിയുടെ എയ്റോസ്ട്രക്ചര്‍ മാനുഫാക്ചറിംഗ് കഴിവുകള്‍ വികസിപ്പിക്കുക, എന്‍ജിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുക, വിഷന്‍ 2030 ന് അനുസൃതമായി സൈനിക, സിവില്‍ എയ്റോസ്പേസ് വ്യവസായങ്ങളുടെ പ്രാദേശികവത്ക്കരണം വര്‍ധിപ്പിക്കുക എന്നിവയാണ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. ‘സാമി’ സി ഇ ഒ. വലിദ് അബുഖാലിദും ഫിജിയാക് എയ്‌റോ ചെയര്‍മാനും സി ഇ ഒയുമായ ജീന്‍ ക്ലോഡ് മെയിലാര്‍ഡും ദുസ്സൂര്‍ സി ഇ ഒ. ഡോ. റീഡ് അല്‍ റയസുമാണ് ധാരണാപത്രത്തില്‍ ഒപ്പ്‌വച്ചത്.
പുതിയ സംയുക്ത സംരംഭത്തിലൂടെ, രാജ്യത്തെ തദ്ദേശീയ സൈനിക വ്യവസായ മേഖലയുടെ വികസനത്തിന് കൂടുതല്‍ കുതിപ്പേകും. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര എയ്റോസ്ട്രക്ചര്‍ നിര്‍മാണ കമ്പനികളും തമ്മില്‍ പുതിയ പങ്കാളിത്തം സൃഷ്ടിക്കുക വഴി, എയ്റോസ്ട്രക്ചേഴ്സ് മേഖലയില്‍ നൂതന സാങ്കേതിക വിദ്യകളുടെ പ്രാദേശികവത്ക്കരണം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ സ്വദേശികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തന്ത്രപരമായ പങ്കാളിത്തത്തിലൂടെ സഊദിയുടെ എയ്റോസ്പേസ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് സംയുക്ത കരാര്‍ ഒപ്പുവച്ചതോടെ സംയുക്ത സംരംഭത്തിന്റെ വരുമാനം 2030-ഓടെ 200 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ,സാമി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍-ഖത്തീബ് പറഞ്ഞു.