Connect with us

Kerala

മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ; പോലീസ് അമിതാവേശം കാണിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | ആറ്റിങ്ങലില്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പോലീസിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പോലീസ് അമിതാവേശം കാണിച്ചുവെന്ന് റിപ്പോര്‍ട്ില്‍ വ്യക്തമാക്കുന്നു. പിങ്ക് പൊലീസിന്റെ നടപടി വിവാദമായതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചു.

ഫോണ്‍ മോഷണത്തിന്റെ പേരില്‍ പൊലീസ് പരസ്യവിചാരണ നടത്തിയ ജയചന്ദ്രന്‍ മുമ്പ് കളഞ്ഞു കിട്ടിയ വിലകൂടിയ ഫോണ്‍ തിരിച്ചു നല്‍കി മാതൃകയായ ആളാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ പേരില്‍ ഫോണ്‍ ഉടമസ്ഥന്‍ 1000 രൂപ ജയചന്ദ്രനു പാരിതോഷികവും നല്‍കിയിരുന്നു. ജയചന്ദ്രനില്‍ നിന്നും മകളില്‍ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു.

വെള്ളിയാഴ്ച ആറ്റിങ്ങല്‍ ജംഗ്ഷനിലാണ് സംഭവം. പോലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളേയും പരസ്യ വിചാരണ നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് വാഹനത്തിനുള്ളിലെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തില്‍ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലവാകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

 

Latest