Kerala
യുഡിഎഫിന് ആത്മവിശ്വാസം നഷ്ടമായി; ഏതെങ്കിലും കക്ഷിയെ കിട്ടുമോയെന്നാണ് നോട്ടം: മന്ത്രി പി രാജീവ്
കത്തോലിക്കാ സഭക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല.
തിരുവനന്തപുരം | ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇടത് മുന്നണിയിലെ കക്ഷിയെ യുഡിഎഫ് അങ്ങോട്ടേക്ക് ക്ഷണിക്കുന്നതെന്നു മന്ത്രി പി രാജീവ്. ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. നൂറ് സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്ന യുഡിഎഫ് ഏതെങ്കിലും കക്ഷിയെ കിട്ടുമോ എന്നാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു
കത്തോലിക്കാ സഭയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യം എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിന് പരാഹാരം കാണാനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ബില്ല് പാസാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ഈ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ വൈകുന്നതാണ് പ്രശ്‌നം.
കത്തോലിക്കാ സഭക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. ജെ ബി കോശി കമ്മീഷിനെ നിയോഗിച്ചതു തന്നെ ഈ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംബന്ധിച്ച് ഫെബ്രുവരി 6ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിക്കും.
രാഹുല്‍ മാങ്കുട്ടത്തിലിന്റെ അയോഗ്യത സംബന്ധിച്ച് സ്പീക്കറാണ് വിഷയം പരിഗണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു





