Connect with us

From the print

തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നടനെ നായ കടിച്ചുകീറി

കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

Published

|

Last Updated

കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

‘പേക്കാലം’ എന്ന പേരിലുള്ള നാടകത്തില്‍ തെരുവുനായ ആളുകളെ ആക്രമിക്കുന്ന ഭാഗം അവതരിപ്പിച്ചിരുന്നു. ഇതിനിടെ നായ കുരക്കുന്ന ശബ്ദം സ്പീക്കറിലൂടെ പുറത്തുവന്നപ്പോള്‍ തെരുവുനായ വേദിയിലേക്ക് കുതിച്ചെത്തുകയായിരുന്നു.

നായ ഓടിവരുന്നത് കാണികളും സംഘാടകരും കണ്ടെങ്കിലും നാടകത്തിനായി പരിശീലിപ്പിച്ചതായിരിക്കുമെന്നാണ് കരുതിയത്. നായ നടനെ കടിച്ചെങ്കിലും അസ്വാഭാവികതയൊന്നും പ്രകടിപ്പിക്കാതെ ഇദ്ദേഹം കൈയിലുള്ള വടി കൊണ്ട് വിരട്ടിയോടിച്ച് നാടകാവതരണം തുടര്‍ന്നു. ഇതുകൂടി കണ്ടതോടെ നായ നാടകത്തിന്റെ ഭാഗമാണെന്ന് എല്ലാവരും ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍, നാടകം പൂര്‍ത്തിയായശേഷം അഭിനയ മികവിനെയും നായയെ പരിശീലിപ്പിച്ചതിനെയും പ്രശംസിക്കാനായി സംഘാടകരും കാണികളും വേദിയിലെത്തിയപ്പോഴാണ് നായ തന്റേതല്ലെന്നും തനിക്ക് കടിയേറ്റെന്നും നടന്‍ വെളിപ്പെടുത്തിയത്. ഉടന്‍ സംഘാടകര്‍ രാധാകൃഷ്ണനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാടക വേദിക്ക് സമീപത്ത് തെരുവുനായയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. നായ കുരക്കുന്ന ശബ്ദം നാടകത്തിന്റെ പിന്നണിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രസവിച്ചുകിടക്കുന്ന നായ പ്രകോപിതയായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

 

Latest