nurse issue
നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി വേണം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ കുറവ് കാരണം ശസ്ത്രക്രിയകള്‍ക്ക് താമസം നേരിടുന്നതായി പരാതി ഉയര്‍ന്നത് അടുത്തിടെയാണ്. സംസ്ഥാനത്ത് വര്‍ഷം തോറും പുറത്തിറങ്ങുന്ന നഴ്സിംഗ് ബിരുദ ധാരികളുടെ കുറവല്ല, നഴ്‌സുമാര്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുന്നതാണ് ഈ പ്രതിസന്ധിക്കു മുഖ്യ കാരണം.

സംസ്ഥാനത്തെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാണെന്നാണ് റിപോര്‍ട്ട്. മലബാര്‍ മേഖലയില്‍ വിശേഷിച്ചും. പല ആശുപത്രികളിലും നഴ്‌സുമാരുടെ ക്ഷാമം മൂലം പ്രവര്‍ത്തനം താളം തെറ്റുകയാണ്. രാത്രിഷിഫ്റ്റുകളില്‍ നഴ്‌സുമാരുടെ കുറവ് രോഗികള്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുന്നതിന് തടസ്സമാകുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ കുറവ് കാരണം ശസ്ത്രക്രിയകള്‍ക്ക് താമസം നേരിടുന്നതായി പരാതി ഉയര്‍ന്നത് അടുത്തിടെയാണ്. സംസ്ഥാനത്ത് വര്‍ഷം തോറും പുറത്തിറങ്ങുന്ന നഴ്സിംഗ് ബിരുദ ധാരികളുടെ കുറവല്ല, നഴ്‌സുമാര്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുന്നതാണ് ഈ പ്രതിസന്ധിക്കു മുഖ്യ കാരണം.
വിദേശ രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്. മലയാളി നഴ്‌സുമാരുടെ സേവന മനോഭാവമാണ് കാരണം. 1960 കാലം തൊട്ടേ കേരളീയ നഴ്‌സുമാര്‍ വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. ആദ്യകാലത്ത് കാനഡ, ഇറ്റലി, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളായിരുന്നു പ്രവര്‍ത്തന മേഖലയെങ്കിലും ഇന്ന് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട് ഇവര്‍. സഊദി അറേബ്യയില്‍ 21.5 ശതമാനവും യു എ ഇയില്‍ 15 ശതമാനവും കുവൈത്തില്‍ 12 ശതമാനവും ഖത്വറില്‍ 5.7 ശതമാനവും നഴ്‌സുമാര്‍ മലയാളികളാണ്.
കൊവിഡാനന്തരം നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ആവശ്യം ലോകതലത്തില്‍ തന്നെ വര്‍ധിച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ പല വിദേശ രാജ്യങ്ങളും നഴ്സുമാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. നഴ്‌സിംഗ് മേഖലയില്‍ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസിന്റെ കണക്കനുസരിച്ച് രാജ്യാന്തര തലത്തില്‍ 60 ശതമാനത്തോളം ഒഴിവുകളുണ്ട്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ആസ്‌ത്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങി എല്ലാ വികസിത, വികസ്വര രാജ്യങ്ങളിലും നഴ്‌സുമാര്‍ക്ക് അവസരങ്ങളുണ്ട്. ലണ്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 39,000 അംഗീകൃത നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. ലണ്ടനിലെ അക്യൂട്ട് വാര്‍ഡുകളിലെ പത്ത് ശതമാനം നഴ്‌സിംഗ് തസ്തികകളും, ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കന്‍ മേഖലകളിലെ ആശുപത്രികളിലെ മാനസികാരോഗ്യ വാര്‍ഡുകളില്‍ ഇരുപത് ശതമാനവും ഒഴിഞ്ഞു കിടക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
നേരത്തേ വര്‍ഷാന്തം ഏകദേശം 15,000 നഴ്സുമാരാണ് ഇന്ത്യയില്‍ നിന്ന് ഇതര രാജ്യങ്ങളിലേക്ക് ജോലി തേടി പോയിരുന്നത്. കൊവിഡാനന്തരം അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസത്തിനിടെ 23,000 നഴ്‌സുമാര്‍ വിദേശത്തേക്ക് പോയി. ഡിസംബറോടെ അത് 35,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ജനറല്‍ ബി എസ് സി പഠിച്ചവര്‍ക്ക് പ്രവൃത്തി പരിചയമില്ലെങ്കിലും അവസരമുണ്ട് വിദേശങ്ങളില്‍. ഫിലിപ്പൈന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം നഴ്‌സുമാര്‍ പഠിച്ചിറങ്ങുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ നഴ്‌സുമാരില്‍ മലയാളികളോടാണ് വിദേശ രാജ്യങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. നിലവില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം നഴ്സുമാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
നഴ്‌സുമാരുടെ ക്ഷാമത്തെ തുടര്‍ന്ന് പല രാജ്യങ്ങളും നഴ്‌സ് നിയമനത്തിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. യു എ ഇയില്‍ ജോലി ലഭിക്കാന്‍ നേരത്തേ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും യു എ ഇ ആരോഗ്യ വിഭാഗത്തിന്റെ എഴുത്തുപരീക്ഷ പാസ്സാകുകയും വേണമായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തെ പരിചയം വേണമെന്നില്ല. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് യു എ ഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതി അവിടുത്തെ ആശുപത്രികളില്‍ ജോലി ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ ഇ എല്‍ ടി എസ് പോലുള്ള പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന വേതനവും നഴ്‌സുമാരെ കുടിയേറ്റത്തിനു പ്രേരിപ്പിക്കുന്നു.
കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യു കെയില്‍ തൊഴില്‍ കുടിയേറ്റം കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള കരാറും മലയാളി നഴ്‌സുമാരുടെ കുടിയേറ്റം ശക്തമാക്കും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്‌സും ലണ്ടനിലെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ട് ദിവസം മുമ്പ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ലണ്ടനില്‍ നടന്ന യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. നഴ്‌സുമാരെ കൊണ്ടുപോകാന്‍ ജപ്പാനും ജര്‍മനിയും സംസ്ഥാന സര്‍ക്കാറുമായി ധാരണയായിട്ടുണ്ട്. ഇറ്റലി, ഹോളണ്ട്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്‌സുമാരെ വിളിക്കുന്നുണ്ട്.
നഴ്‌സുമാരുടെ ഈ കുടിയേറ്റവും ഇത്തരം കരാറുകളും സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ നഴ്‌സുമാരുടെ ക്ഷാമം ഇനിയും വര്‍ധിക്കാന്‍ ഇടയാക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ബി എസ് സി നഴ്‌സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നഴ്‌സുമാരില്ലാതെ ആശുപത്രികള്‍ പൂട്ടേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ മെഡിക്കല്‍ കോളജുകളോടനുബന്ധിച്ചാണ് നഴ്‌സിംഗ് കോളജുകള്‍ നടത്തുന്നത്. ഇത് താലൂക്ക് ആശുപത്രികളോടനുബന്ധിച്ചും തുടങ്ങണം. 30-50 കിടക്കകളുള്ള സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സിംഗ് കോഴ്‌സുകള്‍ അനുവദിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സത്വര നടപടി ആവശ്യമാണ്.