UAE
അബൂദബി; സൂപ്പർമാർക്കറ്റുകളിൽ പ്രവേശന കവാടങ്ങളിലും കാഷ്യർ കൗണ്ടറുകളിലും മധുരപലഹാരങ്ങൾക്ക് വിലക്ക്
അബൂദബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗം
അബൂദബി|സൂപ്പർമാർക്കറ്റുകളിലെ പ്രവേശന കവാടങ്ങൾ, വരി നിൽക്കുന്ന വഴികൾ, കാഷ്യർ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്ന് ആരോഗ്യത്തിന് ഹാനികരമായ മധുരപലഹാരങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കാൻ തുടങ്ങി. അബൂദബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പുതിയ നിർദേശത്തെ തുടർന്നാണ് സുപ്രധാന മാറ്റം. സാധാരണയായി ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങി കാത്തിരിക്കുന്ന സമയത്ത് പെട്ടെന്നുള്ള ചിന്തയിൽ വാങ്ങിപ്പോകുന്നതും കുട്ടികൾ കണ്ട് വാശിപിടിക്കുന്നതുമായ സ്ഥലങ്ങളെയാണ് ഇത്തരം “ടെംപ്‌റ്റേഷൻ സോണുകൾ’ ആയി മാറ്റിയിരുന്നത്.
എന്നാൽ ഇത്തരം ഹൈ-ട്രാഫിക് മേഖലകളിൽ നിന്ന് ഇത്തരം ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പകരം ആരോഗ്യപ്രദമായ ഉത്പന്നങ്ങളാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. മാറ്റങ്ങൾ ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് പ്രാദേശിക നിവാസികൾ പ്രതികരിച്ചു. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കാനും, കുടുംബങ്ങളുടെ അനാവശ്യ സാമ്പത്തിക ബാധ്യത കുറക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് സ്വദേശികളും പ്രവാസികളും അഭിപ്രായപ്പെട്ടു.
ലേയൗട്ട് മാറ്റങ്ങൾക്ക് പുറമെ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ പോഷക മൂല്യം വ്യക്തമാക്കുന്ന “ന്യൂട്രി-മാർക്ക്’ ലേബലുകളും സർക്കാറിന്റെ തമ്മ് ആപ്പ് വഴിയുള്ള വിവരങ്ങളും ഉപഭോക്താക്കളെ കൂടുതൽ വിവേകത്തോടെ സാധനങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നുണ്ട്. ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, സ്‌കൂൾ ഭക്ഷണശാലകളിലെ കർശന മാനദണ്ഡങ്ങൾ എന്നിവയ്ക്ക് പിന്നാലെ പൊതുജനാരോഗ്യം മുൻനിർത്തി അബൂദബി നടപ്പിലാക്കുന്ന പുതിയ ചുവടുവെപ്പാണിത്.
Content Highlights:
Abu Dhabi supermarkets have removed unhealthy sweets and carbonated drinks from checkout areas under the Healthy Living Program initiative. High-traffic temptation zones now feature healthy alternatives to encourage better eating habits. Residents welcomed the move for improving child health and spending.




