Kerala
അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം; പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി
കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും.
കൊച്ചി|മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം. പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നീക്കം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും.
അഭിമന്യു വധക്കേസില്‍ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്. ബോധപൂര്‍വം പരുക്കേല്‍പ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മര്‍ദിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിക്കുകയും പ്രതികള്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. 2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജില്‍വച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്.
Content Highlights:
Prosecution in the Maharajas College SFI leader Abhimanyu murder case moved the Ernakulam Principal Sessions Court to add IPC Section 323 charge. The move aims to block loopholes for accused who assaulted Abhimanyu before the trial begins. The court will hear the application on July 28.




