Connect with us

Organisation

അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

ഏകാംഗ ജൂറി പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങളാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

Published

|

Last Updated

അബൂദബി | അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തീരുമാനിച്ച പ്രഥമ സാഹിത്യ അവാര്‍ഡിന് മലയാള കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി അര്‍ഹനായി. ഏകാംഗ ജൂറി പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങളാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

അര നൂറ്റാണ്ടിലേറെ കാലമായി മലയാള സാഹിത്യത്തില്‍ സജീവ സാന്നിധ്യവും മതമൈത്രിക്കും മനുഷ്യ നന്മക്കും വേണ്ടി തന്റെ തൂലികയെ ചലിപ്പിച്ചു കൊണ്ട് സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും പ്രചരിപ്പിക്കുന്ന എഴുത്തുകാരനുമായ കെ പി രാമനുണ്ണി, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അഡൈ്വസറി ബോര്‍ഡ് അംഗവും കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കരിക്കുലം കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം, നിലവില്‍ മലയാളം മിഷന്റെ ഭരണസമിതി അംഗവും മലയാളം സര്‍വകലാശാലയിലെ പ്രൊഫസറുമാണ്.

നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത സൂഫി പറഞ്ഞ കഥ, മുഹമ്മദ് നബിയെ ആസ്പദമാക്കി എഴുതിയ ദൈവത്തിന്റെ പുസ്തകം ഉള്‍പ്പെടെ മുപ്പതോളം പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം, സാഹിത്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച എഴുത്തുകാരനാണ്. ഡിസംബര്‍ മൂന്നിന് നടക്കുന്ന യു എ ഇ നാഷണല്‍ ഡേ പരിപാടിയില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

 

Latest