From the print
നടുക്കിയ ഓര്‍മകളുമായി അതിജീവനത്തിന്റെ ഒരാണ്ട്
രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ദുരന്തം രേഖപ്പെടുത്തപ്പെട്ടത്.

വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ നടക്കുന്ന നിർമാണം
കല്‍പ്പറ്റ | രാജ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത ഉരുള്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് നാളെ ഒരാണ്ട്. ജൂലൈ 30ന് പുലര്‍ച്ചെ നാടുണര്‍ന്നത് മഹാദുരന്തത്തിന്റെ ഉള്ളുപിടയുന്ന വാര്‍ത്ത കേട്ടായിരുന്നു. വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം… മൂന്ന് ഗ്രാമങ്ങള്‍ നാമാവശേഷമായിരിക്കുന്നു… ചെളിക്കൂമ്പാരങ്ങളില്‍ നിന്ന് ഒന്നിന് പിറകെ ഒന്നായി മനുഷ്യ ശരീരങ്ങള്‍ പുറത്തെടുക്കുന്നു. പുഴയിലൂടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിനടക്കുന്നു. നിരനിരയായി കിടത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോണില്‍ ചിത്രങ്ങളുമായി എത്തുന്ന ബന്ധുക്കള്‍. കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന മൃതദേഹങ്ങള്‍. പ്രാര്‍ഥനയിലും കസേരയിലുമിരിക്കെ ജീവനറ്റവര്‍. വേര്‍പെട്ട മനുഷ്യശരീര ഭാഗങ്ങള്‍. വീടുകള്‍ നിന്ന സ്ഥലം പോലും തിരിച്ചറിയാന്‍ പറ്റാതെ, മനസ്സ് മരവിച്ച് നിസ്സംഗരായി നില്‍ക്കുന്ന മനുഷ്യര്‍. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് വിവരണാതീതമായിരുന്നു ഓരോ കാഴ്ചയും.
രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം നിത്യഹരിത വനത്തിനുള്ളിലായിരുന്നു ഉരുളിന്റെ പ്രഭവകേന്ദ്രം. തെന്നിമാറിയ ഭൂമിയും പാറയും അവശിഷ്ടങ്ങളും അടങ്ങിയ ഉരുള്‍ പുന്നപ്പുഴ വഴി എട്ട് കിലോമീറ്റര്‍ ദൂരം വരെ ഒഴുകിയെത്തി. ചെങ്കുത്തായ ചെരിവ് ഉരുളിന്റെ ഒഴുക്കിന്റെ തോതേറ്റി. അവശിഷ്ടങ്ങളുടെ ഒഴുക്ക് മണിക്കൂറില്‍ 100.8 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. 32 മീറ്റര്‍ ഉയരത്തില്‍വരെ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. 20 മുതല്‍ 40 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന പുന്നപ്പുഴ നദിയുടെ വീതി ഉരുള്‍പൊട്ടലോടെ 200 മുതല്‍ 300 മീറ്റര്‍ വരെയായി. 298 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. കൂരിരുട്ടില്‍ ഒഴുകിയെത്തിയ ദുരന്താവശിഷ്ടങ്ങളില്‍ നിന്ന് പാതിജീവനുമായി ഓടിരക്ഷപ്പെട്ടവരെ സുരക്ഷിതമാക്കാന്‍ ദുരന്തഭൂമിയില്‍ നടത്തിയ രക്ഷാദൗത്യം രാജ്യത്തിന് തന്നെ മാതൃകയായി. ആയിരങ്ങള്‍ ഒന്നിച്ച രക്ഷാപ്രവര്‍ത്തനം. കേന്ദ്ര- സംസ്ഥാന സേനാ വിഭാഗത്തില്‍ നിന്ന് മാത്രം 1,809 പേര്‍ രക്ഷാദൗത്യത്തില്‍. ഇതിന്റെ ഇരട്ടിയായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍. നാടിന്റെ നാനാഭാഗത്ത് നിന്നും സഹായം പ്രവഹിച്ചു.
മരണം
298 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 99 പേരെ ഡി എന്‍ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. 32 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവരെ മരിച്ചവരായി കണക്കാക്കി. 223 ശരീരഭാഗങ്ങള്‍ ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തി. 17 കുടുംബങ്ങളിലെ ആകെയുണ്ടായിരുന്ന 58 പേരും മരിച്ചു. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ അനാഥരായി. തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സര്‍വമത പ്രാര്‍ഥനകളോടെയും ഔദ്യോഗിക ബഹുമതികളോടെയും പുത്തുമലയില്‍ പൊതുശ്മശാനം ഒരുക്കി സംസ്‌കരിച്ചു.
നാശനഷ്ടങ്ങള്‍
വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി 1,685 പൊതു- സ്വകാര്യ കെട്ടിടങ്ങള്‍ക്കും റോഡുകള്‍, പാലങ്ങള്‍, വൈദ്യുതിവിതരണ സംവിധാനം, 110 ഹെക്ടറില്‍പ്പരം കൃഷിഭൂമി എന്നിവക്കും നാശനഷ്ടമുണ്ടായി. 145 വീടുകള്‍ പൂര്‍ണമായും 170 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. 171 വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. 19 ഹെക്ടറോളം വനം ഒലിച്ചുപോയി.