Kerala
ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, സര്‍ക്കാര്‍ നല്‍കുന്ന സഹായം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി|ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷനെന്നും നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സാമൂഹ്യ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെന്‍ഷന്‍ വിതരണം നടക്കാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.