Connect with us

cover story

പെലെ എന്ന പോരാളി

ചെറുപ്പത്തിൽ ദാരിദ്ര്യം മറക്കാൻ ജന്മനാടായ ബ്രസീലിലെ ട്രസ് കൊറാക്കോസിലെ റൂബൻസ് അരൂബ തെരുവിൽ പഴന്തുണി നിറച്ച ബോളുണ്ടാക്കി കളിച്ചിട്ടുണ്ട് പെലെ. 1950 ൽ ചരിത്ര പ്രസിദ്ധമായ റിയാ ഡോ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൻ നടന്ന ലോകകപ്പ് ഫൈനലിൽ ബ്രസീൽ ഉറുഗ്വേയോടെ തോറ്റപ്പോൾ നെഞ്ചു പൊട്ടിക്കരഞ്ഞ പിതാവ് ഡോൺ ഡീന്യോയെ ആശ്വസിപ്പിച്ച്, ഒരിക്കൽ ബ്രസീലിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞിട്ടുണ്ട് പെലെ.

Published

|

Last Updated

ചെറുപ്പത്തിൽ ദാരിദ്ര്യം മറക്കാൻ ജന്മനാടായ ബ്രസീലിലെ ട്രസ് കൊറാക്കോസിലെ റൂബൻസ് അരൂബ തെരുവിൽ പഴന്തുണി നിറച്ച ബോളുണ്ടാക്കി കളിച്ചിട്ടുണ്ട് പെലെ. 1950 ൽ ചരിത്ര പ്രസിദ്ധമായ റിയാ ഡോ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൻ നടന്ന ലോകകപ്പ് ഫൈനലിൽ ബ്രസീൽ ഉറുഗ്വേയോടെ തോറ്റപ്പോൾ നെഞ്ചു പൊട്ടിക്കരഞ്ഞ പിതാവ് ഡോൺ ഡീന്യോയെ ആശ്വസിപ്പിച്ച്, ഒരിക്കൽ ബ്രസീലിന് വേണ്ടി ലോകകപ്പ് നേടുമെന്ന് പറഞ്ഞിട്ടുണ്ട് പെലെ. (അന്ന് ഒമ്പത് വയസ്സായിരുന്നു പെലെക്ക്). തന്റെ വാക്ക് പാലിച്ച് , 17 വയസ്സുള്ളപ്പോൾ ആദ്യ ലോകകപ്പ് നേടിയതുൾപ്പെടെ, മൂന്ന് തവണ (1958, 1962, 1970) ലോകകപ്പ് ബ്രസീലിന് നേടിക്കൊടുത്തിട്ടുണ്ട്. മറ്റാർക്കും ഇതുവരെ സാധിക്കാത്ത,1363 മത്സരങ്ങളിൽ നിന്ന് 1279 ഗോളുകൾ നേടി ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഗരിഞ്ചയും ദീദിയും വാവയുമുൾപ്പെട്ട ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ , ബ്രസീൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ജോഗോ ബോണിറ്റ (ബ്യൂട്ടിഫുൾ ഫുട്ബോൾ) എന്ന ശൈലിയുടെ അവതാരകനായിരുന്നു. വർണവിവേചനത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച ലോകത്തിന്റെ അംബാസഡറായിരുന്നു പെലെ. ബീഥോവൻ ജനിച്ചത് സംഗീതത്തിനും , മൈക്കലാഞ്ചലോ ജനിച്ചത് ചിത്രകലക്കും വേണ്ടിയാണെങ്കിൽ, താൻ ജനിച്ചത് ഫുട്ബോളിനാണെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞതും പെലെ. എന്നും സമാധാനത്തിന്റെ കാവൽക്കാരനായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായിരുന്നു. 1969 ൽ ആഭ്യന്തര യുദ്ധം രൂക്ഷമായ നൈജീരിയയിൽ പെലെയുടെ കളിയുണ്ടെന്ന് (സാന്റോസ് ടീം) അറിഞ്ഞപ്പോൾ ഇരു കൂട്ടരും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പെലെ എന്ന രണ്ടക്ഷരത്തിന്റെ ശക്തി അതായിരുന്നു.

ചെറുപ്പത്തിൽ പെലെ എന്ന പേര് ധാരാളം കേട്ടിരുന്നെങ്കിലും കോഴിക്കോട് കല്ലായി ഗണപത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ പെലെയെക്കുറിച്ചുള്ള ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. അന്ന് ഇംഗ്ലീഷ് ക്ലാസെടുത്തിരുന്ന വിജയ ശങ്കരൻ മാഷായിരുന്നു പെലെയെക്കുറിച്ച് ആ പാഠഭാഗത്തിലൂടെ വിശദമായി പറഞ്ഞു തന്നത്. വീട്ടിൽ ഫുട്ബോൾ ചർച്ചകൾ, പ്രത്യേകിച്ച് നാഗ്ജി ഫുട്ബോളിനെപ്പറ്റിയൊക്കെ അച്ഛൻ പറയുന്നത് കേൾക്കാറുണ്ടായിരുന്നു. പക്ഷേ, പെലെയുടെ യഥാർഥ പേര് എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ എന്നാണെന്ന് മനസ്സിലാക്കാൻ സ്കൂളിലെ ഇംഗ്ലീഷ് പാഠമായിരുന്നു സഹായിച്ചത്. പെലെയുടെ കളിയുടെ ചില പ്രസക്ത ഭാഗങ്ങൾ കാണുന്നത് അന്ന് ദൂരദർശൻ ആഴ്ചയിലൊരിക്കൽ സംപ്രേഷണം ചെയ്തിരുന്ന ” വേൾഡ് ഓഫ് സ്പോർട്സ്’ എന്ന പരിപാടിയിലൂടെയായിരുന്നു. എപ്പോഴെങ്കിലും പെലെ ബൈസിക്കിൾ കിക്കെടുത്തും , ഡ്രിബിൾ ചെയ്തും, ഹെഡ് ചെയ്തും ഗോൾ നേടുന്നത് കാണുമ്പോൾ അത്ഭുത പരതന്ത്രനായി നോക്കി നിന്നു. ലോകത്തെ ഇത്രയും അത്ഭുതപ്പെടുത്തിയ കളിക്കാരനുണ്ടാകുമെന്ന് തോന്നുന്നില്ല. കറുപ്പും വെളുപ്പുമാർന്ന ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. ലോകത്തെ ഏറ്റവും മനോഹരമായ കളിയുടെ ഏറ്റവും വലിയ അംബാസിഡറായിരുന്നു അദ്ദേഹം. ലോക ഫുട്ബോൾ രാജാവായി അദ്ദേഹത്തെ ഗണിക്കുന്നതും അതു കൊണ്ടു തന്നെ.

ലോക ഫുട്ബോളിനെ ഇത്രയും ജനകീയ വത്കരിക്കുന്നതിൽ പെലെയുടെ മാസ്മരിക കളി മികവ് തന്നെയാണ് വലിയ പങ്ക് വഹിച്ചത്. ഇപ്പോൾ ഫുട്ബോൾ താരങ്ങൾ പ്രദർശിപ്പിക്കുന്ന സ്കില്ലുകളിൽ പലതും പെലെ ലോകത്തിന് കാണിച്ചു കൊടുത്ത അനശ്വര പാഠങ്ങളാണ്. ഡ്രിബ്ലിംഗാവട്ടെ, ബൈസിക്കിൾ കിക്കാകട്ടെ, പുഷ് പാസാവട്ടെ എല്ലാറ്റിനും ഒരു പെലെ ടച്ചുണ്ട്. ഇങ്ങനെ തന്റെ കേളീ മികവിലൂടെ പെലെയും അതോടൊപ്പം ബ്രസീലും ലോക പ്രശസ്തരാവുകയായിരുന്നു. വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ, ലോകത്താകെയുള്ള അശരണർക്ക് എന്നും ആവേശം പകരുന്ന പേരാണ് പെലെ. അദ്ദേഹത്തിന്റെ ഓരോ ഗോളും വർണവെറിയന്മാരുടെ ചെകിടത്തേറ്റ അടിയായിരുന്നു. ലോകത്തെയാകെ ഒരുമിപ്പിക്കാൻ പെലെ എന്ന ഇതിഹാസത്തിന് കഴിഞ്ഞു. ഇങ്ങനെയുള്ള ഇതിഹാസങ്ങളാണ് മനുഷ്യ കുലത്തെ ഒരുമിപ്പിക്കുന്നത്. അവരുടെ ജീവിതം തലമുറകളെ ത്രസിപ്പിക്കുന്നു. ജീവിക്കാനുള്ള പ്രചോദനം നൽകുന്നു. പെലെയുടെ വിടവാങ്ങൽ ലോക ജനതയുടെ കൂടി നഷ്ടമാണ്. ഡിസംബറിന്റെ നികത്താനാകാത്ത നഷ്ടം. ഒരു ഫുട്ബോളർക്ക് വേണ്ട എല്ലാ കഴിവുകളും സമ്മേളിച്ച ലോക ഫുട്ബോളിലെ വിസ്മയമാണ് പെലെ. ലോകമുള്ള കാലത്തോളം അദ്ദേഹം ജീവിക്കും… അദ്ദേഹമെപ്പോഴും വഴി വിളക്കായി പ്രകാശം ചൊരിയും… പെലെയുടെ അനശ്വര വാക്കുകൾ പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. “വിജയമെന്നത് ആകസ്മിക സംഭവമല്ല. കഠിനാധ്വാനം, അക്ഷീണ പരിശ്രമം, ജ്ഞാനം, ആലോചന, ത്യാഗം എല്ലാത്തിനുമുപരി ചെയ്യുന്ന കാര്യത്തോടുള്ള ഇഷ്ടം കൂടിയാണ്’.

( ലേഖകൻ ബി എസ് എൻ എൽ ദേശീയ ഫുട്ബാൾ താരവും,
കെ എഫ് ടി സി പരിശീലകനുമാണ്.)