Kerala
വിപ്ലവ നായകന്‍ വീടണഞ്ഞു; പുന്നപ്രയിലെ വീട്ടില്‍ പൊതുദര്‍ശനം
കനത്ത മഴയെ പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഈ നേരമത്രയും കാത്തുനിന്നത്

തിരുവനന്തപുരം | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി. 22 മണിക്കൂറുകൾ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിലേക്കെത്തുന്നത്.വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള ബസ് 16 മണിക്കൂര്‍ യാത്ര ചെയ്താണ് കൊല്ലത്ത് എത്തിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഈ നേരമത്രയും കാത്തുനിന്നത്
വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ വി എസിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയ പലരും കണ്ണീര്‍ പുഷ്പങ്ങളുമായാണ് യാത്രാമൊഴിയേകിയത്. ജനത്തിരക്ക് മൂലം കരുതിയതിലും ഏറെ വൈകി, സാവധാനത്തിലാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്. വിലാപയാത്ര 16 മണിക്കൂര്‍ കൊണ്ട് 92 കിലോമീറ്ററാണ് പിന്നിട്ടിട്ടുള്ളത്. ആലപ്പുഴയെപ്പോലെ തന്നെ പ്രിയപ്പെട്ട കൊല്ലത്തിന്റെ മണ്ണില്‍ വിപ്ലവനായകനിത് ഒരിക്കലും മടങ്ങി വരാത്ത യാത്രയാണിത്.
ഇന്നലെ രാവിലെ കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ച ഭൗതിക ദേഹം അവിടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടരയോടെയാണ് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാനത്തിന്റെ മന്ത്രിമാര്‍ തുടങ്ങി നിരവധിപേര്‍ ദര്‍ബാര്‍ഹാളില്‍ വിഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദേശീയപാതയിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. വഴിയരികിലെല്ലാം പ്രവര്‍ത്തകരുടെ നീണ്ട നിരയുണ്ട്. വിവിധ പോയിന്റുകളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ പുന്നപ്രയിലെത്തിക്കുന്ന മൃതദേഹം വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ആലപ്പുഴ പൊലീസ് റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും. തുടര്‍ന്ന് സര്‍വകക്ഷി അനുശോചനയോഗം നടക്കും.വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയായിരുന്നു മരണം