aathmeeyam
സാർഥക ജീവിതം
ഭൂമുഖത്ത് പിറന്നുവീഴുന്ന ഓരോ മനുഷ്യന്റെയും സൃഷ്ടിപ്പിനു പിന്നിൽ വളരെ കൃത്യമായ ലക്ഷ്യവും വ്യക്തമായ ദൗത്യവുമുണ്ട്. ഓരോരുത്തരും അവരുടെ അഭിരുചികളെ തിരിച്ചറിയുകയും അതിനിണങ്ങിയ അവസരങ്ങളെ കണ്ടെത്തുകയും ചെയ്ത് ജീവിതം ക്രമപ്പെടുത്തുമ്പോഴാണ് ഉയരങ്ങള്‍ കീഴടക്കാനും ജീവിത നിയോഗത്തെ സാക്ഷാത്കരിക്കാനും ജീവിതം സാർഥകമാക്കാനും സാധിക്കുന്നത്.
ഭൂമുഖത്ത് പിറന്നുവീഴുന്ന ഓരോ മനുഷ്യന്റെയും സൃഷ്ടിപ്പിനു പിന്നിൽ വളരെ കൃത്യമായ ലക്ഷ്യവും വ്യക്തമായ ദൗത്യവുമുണ്ട്. ഓരോരുത്തരും അവരുടെ അഭിരുചികളെ തിരിച്ചറിയുകയും അതിനിണങ്ങിയ അവസരങ്ങളെ കണ്ടെത്തുകയും ചെയ്ത് ജീവിതം ക്രമപ്പെടുത്തുമ്പോഴാണ് ഉയരങ്ങള്‍ കീഴടക്കാനും ജീവിത നിയോഗത്തെ സാക്ഷാത്കരിക്കാനും ജീവിതം സാർഥകമാക്കാനും സാധിക്കുന്നത്. ലക്ഷ്യങ്ങളില്ലാത്ത ജീവിതം തുഴയില്ലാത്ത തോണി പോലെയാണ്. കാലവും സമയവും തെറ്റി ദിശയറിയാതെ നീങ്ങുന്ന വഞ്ചി ഒടുവില്‍ എവിടെയും എത്തിച്ചേരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഭൂമിയിൽ ജീവിച്ചു എന്നതിന്റെ അടയാളപ്പെടുത്തലുകൾ മരണാനന്തരവും അനേകം കാലം നിലനിൽക്കണം. തന്റെ ജീവിതം മറ്റുള്ളവർക്കു കൂടി പ്രചോദനമാകുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്.
ഖുർആനിന്റെ പ്രധാന പ്രമേയം തന്നെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സേവനങ്ങള്‍ക്കും മറ്റേതു പ്രത്യയശാസ്ത്രങ്ങളെക്കാളും ഇസ്‌ലാം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു. “നന്മയില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക; അധര്‍മത്തിലും ശത്രുതയിലും നിങ്ങള്‍ നിസ്സഹകരണം കാണിക്കുക’. (മാഇദ: 2)
തിരുനബി(സ്വ)യുടെ ജീവിതം മുഴുക്കെയും സമൂഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. സാമൂഹിക പ്രശ്നങ്ങളിൽ നിന്നും ഉൾവലിയാതെയും മുഖംതിരിക്കാതെയും നെഞ്ചൂക്കോടെയും പക്വതയോടെയും അവധാനതയോടെയും സത്യസന്ധതയോടെയും അവയെല്ലാം അവിടുന്ന് അഭിമുഖീകരിച്ചു. അതുകൊണ്ട് തന്നെ അൽ അമീൻ (വിശ്വസ്തൻ) എന്ന ബഹുമതി ചെറുപ്രായത്തിൽ തന്നെ നാട്ടുകാർ നൽകി. കുടുംബബന്ധം പുലര്‍ത്തുക, പാവപ്പെട്ടവരെ സഹായിക്കുക, വൃദ്ധജനങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, വ്യസനങ്ങള്‍ ദൂരീകരിക്കുക, അതിഥികളെ സത്കരിക്കുക തുടങ്ങിയവയെല്ലാം അവിടുത്തെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലായിരുന്നു തിരുദൂതരുടെ ജീവിത സന്തോഷം.
വിശുദ്ധ കഅ്ബ പുതുക്കിപ്പണിതപ്പോൾ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്ന വിഷയത്തിൽ ഖുറൈശികൾക്കിടയില്‍ ഉടലെടുത്ത പ്രമാദമായ തര്‍ക്കത്തെ വളരെ രമ്യമായി പരിഹരിച്ചതും മക്കയിലെ ജീവിതം ദുസ്സഹമായതിനെ തുടർന്ന് മദീനയിലേക്ക് പലായനം നടത്തിയപ്പോൾ നിർധനരായ മുഹാജിറുകളെയും ആതിഥേയരായ അൻസാറുകളെയും തമ്മിൽ സാമൂഹിക ഉച്ചനീചത്വങ്ങളില്ലാതെ, സൗഹൃദത്തിന്റെ ഉത്തുംഗസോപാനത്തിലേക്ക് കൈപ്പിടിച്ചുയർത്തി സാമൂഹികനിർമിതിയുടെ ഉദാത്ത മാതൃക സൃഷ്ടിച്ചതുമെല്ലാം തിരുനബി(സ്വ)യുടെ സാമൂഹിക ഇടപെടലുകളുടെ മകുടോദാഹരണങ്ങളാണ്. അവിടുന്ന് പറഞ്ഞു. “ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നവനാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം മറ്റൊരാളുടെ മനസ്സില്‍ സന്തോഷം നിറച്ചുകൊടുക്കലോ അവന്റെ ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായിക്കലോ ആണ്. ഒരു മാസം എന്റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഇഅ്തികാഫ് ഇരിക്കുന്നവനേക്കാള്‍ അല്ലാഹുവിന് ഇഷ്ടം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഓടിനടക്കുന്നവനെയാണ്. മറ്റൊരാളുടെ ആവശ്യപൂർത്തീകരണത്തിന് കൂട്ടുനിൽക്കുന്നവരുടെ പാദങ്ങള്‍ പരലോകത്ത് സ്വിറാഥില്‍ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്.’ (ത്വബ്റാനി)
വിദ്യാഭ്യാസ, ജീവാകാരുണ്യ, സാന്ത്വന, സേവന രംഗങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ ജീവിതചര്യയാക്കാൻ പ്രചോദിപ്പിക്കുന്നതിലൂടെ വിശ്വാസികളെ സാമൂഹികതയിലേക്കും മാനവികതയിലേക്കും വഴിനടത്തുകയാണ് വിശുദ്ധ ഇസ്്്ലാം ചെയ്യുന്നത്. രോഗികളെ സന്ദർശിക്കാനും അശരണരേയും ആലംബഹീനരേയും സഹായിക്കാനും മർദിതരെയും പീഡിതരെയും പിന്തുണക്കാനും ഇസ്്ലാം വിശ്വാസികളോട് നിരന്തരം ആവശ്യപ്പെടുന്നു. രോഗികളെ സന്ദർശിക്കുകയും ആവശ്യക്കാരെ സഹായിക്കുകയും ആലംബഹീനരെ തുണക്കുകയും ദുർബലരെ പരിഗണിക്കുകയും ചെയ്യുമ്പോൾ മനുഷ്യമനസ്സ് പാകപ്പെടുകയും സാമൂഹികബോധം വളരുകയും ചെയ്യുന്നു. പ്രവാചകൻ(സ്വ) പറഞ്ഞു: “നിങ്ങളുടെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് പോലും പുണ്യമാണ്.'(മുസ്്ലിം). മറ്റുള്ളവരോട് നല്ല നിലയിൽ കാരുണ്യത്തോടെയും അനുകമ്പയോടെയും വർത്തിക്കാനാണ് ഇസ്്ലാം കൽപ്പിക്കുന്നത്. സഹോദരനെ പുഞ്ചിരിയോടെ വരവേൽക്കുകയെന്നത് സ്നേഹത്തിന്റെയും ആദരവിന്റെയും അനുകമ്പയുടെയും വാത്സല്യത്തിന്റെയും പ്രതീകമാണ്. സത്യവിശ്വാസി താന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നവനാകണം.
“നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങളുടെ സഹോദരനു കൂടി ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം പൂർണമാകുകയില്ലെന്ന തിരുനബി(സ്വ)യുടെ സന്ദേശം വിശാല അർഥതലങ്ങളിലേക്ക് വിരൽചൂണ്ടുന്നു. കുടുംബം, അയല്‍വാസി, കൂട്ടുകാർ, പൊതുസമൂഹം… ഇവരോടൊക്കെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടേണ്ടവരാണ് മനുഷ്യരെല്ലാവരും. അബൂദര്‍റ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി(സ്വ) ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: “ഓ അബൂദര്‍റ്, താങ്കളൊരു കറിവെക്കുകയാണെങ്കില്‍ അതില്‍ വെള്ളം അൽപ്പം കൂട്ടിക്കൊണ്ട് നിങ്ങളുടെ അയല്‍വാസിയെക്കൂടി പരിഗണിക്കുക’ (മുസ്‌ലിം).
തനിക്കുവേണ്ടി മാത്രം ജീവിക്കാതെ മറ്റുള്ളവർക്കുകൂടി ജീവിക്കുക എന്നത് സ്രഷ്‌ടാവിന്റെ കൈയൊപ്പ് പതിയുന്ന ജീവിതകലയാണ്. അനേകർക്ക് സാന്ത്വനവും സമാശ്വാസവും നൽകാൻ കഴിയുന്ന ഒരു അനുഗൃഹീത ജീവിതമാണത്. അതിൽ ആത്മനിർവൃതിയും ഹൃദയശാന്തിയുമുണ്ട്.