Kerala
എ ഐ കാമറ കരാര്‍ ഇടപാടില്‍ നടന്നത് വന്‍ അഴിമതി; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ്
രണ്ടാം എസ് എന്‍ സി ലാവ്ലിനാണ് എ ഐ കാമറ അഴിമതിയിലൂടെ നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം | എ ഐ കാമറ കരാര്‍ ഇടപാടില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു ഡി എഫ്. രണ്ടാം എസ് എന്‍ സി ലാവ്ലിനാണ് എ ഐ കാമറ അഴിമതിയിലൂടെ നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എ ഐ കാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് മുന്നണി നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ കാമറയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ യു ഡി എഫ് മുന്നോട്ടുവെക്കുന്നതായും ഇതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
എസ് ആര്‍ ഐ ടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയത് എന്തുകൊണ്ട്?, കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം ‘data security, data integrity, configuration of the equipment, facility management ‘ അടങ്ങുന്ന സുപ്രധാനമായ പ്രവൃത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥകള്‍ക്ക് വിപരീതമായി എസ് ആര്‍ ഐ ടി ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?, എസ് ആര്‍ ഐ ടി എലിനു കരാര്‍ ലഭിക്കാന്‍ കാര്‍ട്ടെല്‍ ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?, ഏപ്രില്‍ 12 ലെ മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍ നിന്നും കരാര്‍ നേടിയ കമ്പനിയുടെ വിവരങ്ങള്‍ മറച്ചുവെച്ചത് എന്തുകൊണ്ട്?, ഒമ്പത് കോടി സര്‍വീസ് ഫീസിനത്തില്‍(കമ്മീഷന്‍) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ?, ഈ നിയമലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?,
സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ് ആര്‍ ഐ ടി ടെക്നോപാര്‍ക്കിലെയും, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ?, കെല്‍ട്രോണ്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ് ആര്‍ എല്‍ ടി ക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ മെയിന്റനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
മൂന്ന് കമ്പനികളെ ടെന്‍ഡറിലേക്ക് സെലക്ട് ചെയ്തതില്‍ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത്തേത് അശോക ബില്‍കോണ്‍ ലിമിറ്റഡ് പാലം നിര്‍മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ സാങ്കേതികമായി തിരഞ്ഞെടുക്കുപ്പെട്ടുവെന്നതില്‍ അന്വേഷണം വേണം. 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കമ്പനികള്‍ മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നാണ് കെല്‍ട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്പനിയായ അക്ഷര എന്റര്‍പ്രൈസ് 2017 ല്‍ മാത്രം രൂപവത്കൃതമായ കമ്പനിയാണ്. അവരെങ്ങനെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വ്യക്തമാക്കണം.
സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിനായി മറ്റ് കമ്പനികള്‍ ചേര്‍ന്ന് കാര്‍ട്ടറുണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്പനി പിന്നീട് ഒരു കണ്‍സോര്‍ഷ്യം ഉണ്ടാക്കി. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് നിബന്ധനകള്‍ ലംഘിച്ച് കമ്പനി കണ്‍സോഷ്യം ഉണ്ടാക്കിയതെന്നത് വ്യക്തമായിട്ടുണ്ട്. കരാര്‍ ലഭിച്ച സ്രിറ്റ് എന്ന കമ്പനിയല്ല എ ഐ കാമറ ജോലികളൊന്നും ചെയ്യുന്നതെന്നും അവര്‍ വീണ്ടും ഉപകരാര്‍ നല്‍കുകയായിരുന്നുവെന്നും ഇവിടെയും നിബന്ധനകള്‍ ലംഘിക്കപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഈ ഉപകമ്പനികള്‍ കരാര്‍ കമ്പനിയായ സ്രിറ്റിന് നോക്കുകൂലിയായി ഒമ്പത് കോടി നല്‍കി. എന്നാല്‍ ഈ വിവരങ്ങള്‍ മുഴുവന്‍ മറച്ചുവച്ചു. ടെക്നോ പാര്‍ക്കിലെ ഒരു കമ്പനിയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ മറ്റൊരു കമ്പനിയുമാണ് ഉപകരാര്‍ എടുത്തത്. ഈ കമ്പനികളിലൊന്നായ ട്രോയിസിന് ഊരാളുങ്കലുമായി ബന്ധമുണ്ട്. ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കാമെന്ന പേരില്‍ ഈ കമ്പനികള്‍ കെല്‍ട്രോണിന് പിന്നീട് കത്ത് നല്‍കി. അങ്ങനെ 151 കോടിയുടെ കരാറില്‍ അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തിയിരുന്നെങ്കിലും വീണ്ടും അറ്റകുറ്റപ്പണിക്ക് പ്രത്യേകം 66 കോടി രൂപ കൂടി കെല്‍ട്രോണ്‍ അനുവദിച്ചു. ഇതെല്ലാം കൊള്ളയാണെന്നും സതീശന്‍ ആരോപിച്ചു.