Connect with us

book review

ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ശുജായി മൊയ്തു മുസ്്ലിയാരുടെ സർഗാത്മകത ലോകമറിഞ്ഞത് സഫലമാലയിലൂടെയാണ്. മലബാറിലെ മസ്നവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സഫലമാല ഒന്നാന്തരമൊരു ദാർശനിക കാവ്യമാണ്. ചരിത്രവും ആധ്യാത്മികതയും തത്ത്വോപദേശങ്ങളും ഉൾച്ചേർന്ന സഫലമാല മാപ്പിള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരേടുതന്നെയാണ്.

Published

|

Last Updated

കേരള മുസ്്ലിം പണ്ഡിതന്മാരുടെ ധൈഷണികവും സർഗാത്മകവുമായ ഇടപെടലുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളീയ മുസ്്ലിം സമൂഹത്തെ ഇന്ന് കാണുന്ന വിധം രൂപപ്പെടുത്തിയെടുത്തതിൽ പൊന്നാനി വൈജ്ഞാനിക കളരിയിൽ പയറ്റിത്തെളിഞ്ഞ ജ്ഞാനഗുരുക്കന്മാർ നിസ്തുലമായ സംഭാവനകളർപ്പിച്ചിട്ടുണ്ട്. മതാചാരങ്ങൾ തനിമയോടെ നിലനിർത്തുന്നതിലും വിശ്വാസ വ്യതിചലനങ്ങളിൽനിന്ന് ഉമ്മത്തിന് സംരക്ഷണമേകുന്നതിലും ആധ്യാത്മിക മുന്നേറ്റത്തിന് പര്യാപ്തമായ ജീവിതപാഠങ്ങൾ പകർന്നു നൽകുന്നതിലും പൊന്നാനി ഉലമാക്കൾ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.

വൈദേശികാധിപത്യത്തിന്റെ കരാളഹസ്തങ്ങളിൽനിന്ന് മോചനം നേടാൻ കേരളീയർക്ക് പ്രചോദനം നൽകിയ തുഹ്ഫത്തുൽ മുജാഹിദീനും തഹ്്രീളു അഹ് ലിൽ ഈമാനും പിറവിയെടുത്തതും പൊന്നാനിയിൽനിന്നുതന്നെ.

പൂർവസൂരികളുടെ ജ്ഞാനവഴികൾക്ക് പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായി പുതുജീവനേകിയ സാത്വികനായ പണ്ഡിതനാണ് ശുജായി മൊയ്തു മുസ്്ലിയാർ. അറബി മലയാള ലിപിയിലെ വിപ്ലവകരമായ രചനകൾകൊണ്ട് കേരളത്തിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ഇടംനേടിയ മഹാൻ.

പുതിയകത്ത് കുഞ്ഞൻബാവ മുസ്്ലിയാരെ പോലുള്ള തലമുതിർന്ന പണ്ഡിത പൂർവികരിൽനിന്ന് മതവിദ്യ നുകർന്ന മഹാനവർ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, സനാഉല്ലാ മക്തി തങ്ങൾ, ആലി മുസ്്ലിയാർ, മോയിൻകുട്ടി വൈദ്യർ, ചേറ്റുവായി പരീക്കുട്ടി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ചരിത്ര പുരുഷന്മാരുടെ സമകാലികനാണ്.

കേരള മുസ്്ലിം പണ്ഡിതന്മാർ രൂപപ്പെടുത്തിയ പാരമ്പര്യധാരയിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ പൊന്നാനി പാഠ്യപദ്ധതിയിൽ ചരിത്ര പഠനത്തിന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് സ്മര്യപുരുഷനെ അസ്വസ്ഥനാക്കിയിരുന്നു. ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാർ മലീമസമാക്കിയ ഇസ്്ലാമിക ചരിത്രത്തെ വസ്തുനിഷ്ഠമായി പുനരാവിഷ്കരിക്കാൻ അവിടുന്ന് ശ്രമിച്ചുപോന്നു. ഈ ദൗത്യബോധത്തിന്റെ ഫലമായാണ് ഫൈളുൽ ഫയ്യാള്, ഫത്ഹുൽ ഫത്താഹ് എന്നീ ചരിത്ര കൃതികൾ പിറവിയെടുക്കുന്നത്.

ശുജായി മൊയ്തു മുസ്്ലിയാരുടെ സർഗാത്മകത ലോകമറിഞ്ഞത് സഫലമാലയിലൂടെയാണ്. മലബാറിലെ മസ്നവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സഫലമാല ഒന്നാന്തരമൊരു ദാർശനിക കാവ്യമാണ്. ചരിത്രവും ആധ്യാത്മികതയും തത്ത്വോപദേശങ്ങളും ഉൾച്ചേർന്ന സഫലമാല മാപ്പിള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരേടുതന്നെയാണ്.

നഹ്ജുദഖാഇഖ്, മനാഫിഉൽ മൗത്ത്, മഅ്ദനുൽ ജവാഹിർ തുടങ്ങി ശ്രദ്ധേയവും പഠനാർഹവുമായ രചനകൾ വേറെയും ആ അനുഗൃഹീത തൂലികയിൽനിന്ന് പിറവിയെടുത്തിട്ടുണ്ട്. അറിവും ആത്മീയതയും സമ്മേളിച്ച പണ്ഡിതവര്യർ, നീതിബോധമുള്ള ചരിത്രകാരൻ, പ്രതിഭാശാലിയായ സാഹിത്യകാരൻ, ധൈഷണികനായ വിദ്യാഭ്യാസ വിചക്ഷകൻ തുടങ്ങി വിശേഷണങ്ങളനവധിയുണ്ട് ഈ ചരിത്ര പുരുഷന്.

കേരളീയ മതവൈജ്ഞാനിക മേഖലക്കും മാപ്പിള സാഹിത്യത്തിനും മഹനീയമായ സംഭാവനകളർപ്പിച്ച ശുജായി മൊയ്തു മുസ്്ലിയാരെ സംബന്ധിച്ച് കൂടുതൽ ജീവചരിത്ര രചനകളൊന്നും വെളിച്ചം കണ്ടതായി അറിവില്ല. ആ വിടവുനികത്താൻ പര്യാപ്തമായ രചനയാണ് ഡോ. പി സക്കീർ ഹുസൈന്റെ “ശുജായി മൊയ്തു മുസ്്ലിയാർ; ധിഷണ സമരം അതിജീവനം’ എന്ന പുസ്തകം. ഒരു അക്കാദമിക ചരിത്ര ഗ്രന്ഥത്തിനുണ്ടായിരിക്കേണ്ട മൗലികതയും ആധികാരികതയും ഒത്തിണങ്ങിയ രചനയാണിത്. കേരള ചരിത്രത്തിലെ മുസ്്ലിം ധൈഷണിക പാരമ്പര്യവും ഉലമാ ആക്ടിവിസവും പറഞ്ഞുതുടങ്ങുന്ന പുസ്തകം ശുജായി മൊയ്തു മുസ്്ലിയാരെന്ന ചരിത്ര പുരുഷന്റെ ജീവിതവഴികളെ സമഗ്രമായി അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ, സാംസ്കാരിക സംഭാവനകളെ ഗ്രന്ഥകാരൻ വിശദമായി പഠനവിധേയമാക്കുന്നുണ്ട്.അനവധി ചരിത്ര ഗ്രന്ഥങ്ങളെ അവലംബിച്ചെഴുതിയ ഈ പുസ്തകം കേരള മുസ്്ലിംകളുടെ സാംസ്കാരിക പൈതൃകവും മാപ്പിള സാഹിത്യ ചരിത്രവും പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. ഐ പി ബിയാണ് പ്രസാധകർ. 120 രൂപയാണ് വില.

Latest