സ്മൃതി
അറിവിന്റെ പ്രഭ ചൊരിഞ്ഞ ജീവിതം
അറിവും ധിഷണയും രചനയും കൊണ്ട് ആധുനിക ഇസ്്ലാമിക, വൈജ്ഞാനിക, ആദർശ, പ്രബോധന മേഖലകളിൽ ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് ശ്രദ്ധേയമായ സംഭാവനകൾ നൽകുകയുണ്ടായി.
ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിശാരദൻ, ഗോളശാസ്ത്ര വിദഗ്ധൻ, മാതൃകാധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ കേരളീയ മുസ്്ലിം വൈജ്ഞാനിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാനായിരുന്നു ശൈഖുനാ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്്ലിയാർ. അറിവും ധിഷണയും രചനയും കൊണ്ട് ആധുനിക ഇസ്്ലാമിക, വൈജ്ഞാനിക, ആദർശ, പ്രബോധന മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത നെല്ലിക്കുത്തിൽ മഖ്ദൂമി കുടുംബത്തിലെ മുസ്്ലിയാരകത്ത് തറവാട്ടിൽ അഹ്്മദ് മുസ്്ലിയാരുടെയും കോട്ടക്കുത്ത് മറിയം എന്നവരുടെയും മകനായി 1939ലാണ് ഉസ്താദ് ജനിച്ചത്. ശൈശവത്തിൽത്തന്നെ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടതിനാൽ അനാഥത്വത്തിന്റെ നോവുകൾ പേറിയുള്ളതായിരുന്നു അവിടുത്തെ കുട്ടിക്കാലം. എന്നാൽ, ഇല്ലായ്മകളും സങ്കടങ്ങളും അറിവിന്റെ ലോകത്ത് എത്തിയതോടെ ഉസ്താദ് മറന്നു. പഠനത്തിനായി നീണ്ട 14 വർഷങ്ങൾ ശൈഖുന ചെലവഴിച്ചു. ഓരോ വിജ്ഞാന ശാഖയിലും ഏറ്റവും മികച്ച ഗുരുനാഥന്മാരെ കണ്ടെത്തി ആഴത്തിലുള്ള പഠനം നടത്തി.
പ്രമുഖ പണ്ഡിതരായ കുഞ്ഞസ്സൻ ഹാജി, കുഞ്ഞഹമ്മദ് മുസ്്ലിയാർ, ഓവുങ്ങൽ അബ്ദുർറഹ്മാൻ മുസ്്ലിയാർ, കെ സി ജമാലുദ്ദീൻ മുസ്്ലിയാർ, കുട്ടി മുസ്്ലിയാർ ഫസ്ഫരി തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ. 1964ൽ കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയിലെ പഴങ്ങരത്തൊടി ജുമുഅത്ത് പള്ളിയിൽ ദർസ് ആരംഭിച്ചുകൊണ്ടാണ് ശൈഖുന അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. ഗൃഹസന്ദർശനത്തിലൂടെയും വയോജന ദർസ് സംഘടിപ്പിച്ചും നാട്ടിൽ സാമൂഹിക പരിഷ്‌കാരങ്ങൾക്ക് ഉസ്താദ് വഴി തുറന്നു. അരിമ്പ്ര, നെല്ലിക്കുത്ത്, പുല്ലാര, കാവനൂർ, തവരാപറമ്പ്, പൊടിയാട് എന്നിവിടങ്ങളിൽ ദർസ് നടത്തിയ ശേഷം, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്്ലിയാരുടെ ക്ഷണപ്രകാരം 1980ൽ നന്തി ദാറുസ്സലാം അറബിക് കോളജിൽ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റു.
1985 മുതൽ അവിടുത്തെ വഫാത്ത് വരെ കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ അറബിക് കോളജിൽ ശൈഖുൽ ഹദീസ്, വൈസ് പ്രിൻസിപ്പൽ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചതാണ് ശൈഖുനയുടെ അധ്യാപന ജീവിതത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ കാലഘട്ടം. സരളവും സരസവുമായ അവതരണ ശൈലി, പ്രമാണവും ബുദ്ധിപരവുമായ സമർഥനം, വിദ്യാർഥികളുമായുള്ള സംവാദങ്ങൾ എന്നിവയാൽ ശൈഖുനയുടെ ക്ലാസ്സുകൾ പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഏത് വിജ്ഞാന ശാഖയും അനായാസം കൈകാര്യം ചെയ്യുന്ന അധ്യാപന രംഗത്തെ ഒരത്ഭുതമായിരുന്നു ഉസ്താദ്. ആദർശ ബോധമുള്ള പതിനായിരത്തോളം പണ്ഡിതന്മാരെ വാർത്തെടുക്കാൻ ഉസ്താദിന് സാധിച്ചു.
തിരക്കിട്ട ദർസ് ജീവിതത്തിനിടയിലും തന്റെ മറ്റു പ്രവർത്തനങ്ങൾക്കൊപ്പം അറബിയിലും മലയാളത്തിലുമായി കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ ശൈഖുന രചിച്ചു. തന്റെ ഏറ്റവും പ്രധാനപ്പെട്ട അറബി കൃതി, ഹദീസ് ഗ്രന്ഥമായ “മിശ്കാത്തുൽ മസാബീഹി’നെഴുതിയ എട്ട് വാള്യങ്ങളുള്ള വ്യാഖ്യാന ഗ്രന്ഥമായ “മിർആത്തുൽ മിശ്കാത്ത്’ ആണ്.അതുപോലെ, “തൗഹീദ് ഒരു സമഗ്ര പഠനം’ എന്ന മലയാള ഗ്രന്ഥം പുത്തൻ വാദികളെ പിടിച്ചുലച്ച ഒരു കൃതിയായിരുന്നു. കൂടാതെ, അഖീദതുസ്സുന്ന, ഫിഖ്ഹുസ്സുന്ന, ഹാശിയ തസ്വ്്രീഹുൽ മൻത്വിഖ്, തബ്്രീർ മുല്ലാഹസൻ, ഹാശിയ രിസാലതുൽ മാറദീനി തുടങ്ങി 25ലധികം ഗ്രന്ഥങ്ങൾ ശൈഖുന രചിച്ചു.
സംവാദ വേദികളിലും ശൈഖുന സജീവമായിരുന്നു. 1983ലെ വഹാബികളുടെ നട്ടെല്ലൊടിച്ച കൊട്ടപ്പുറം സംവാദത്തിൽ സുൽത്താനുൽ ഉലമ എ പി ഉസ്താദിനൊപ്പം ശൈഖുനയും ഉണ്ടായിരുന്നു. സുന്നി കൈരളിയുടെ ശബ്ദമായ സുന്നി വോയ്‌സിന്റെ ചീഫ് എഡിറ്ററായും ശൈഖുന 15 വർഷക്കാലം പ്രവർത്തിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ, അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ അംഗം, ജില്ലാ സംയുക്ത ഖാസി, മഞ്ചേരി ജാമിഅ ഹികമിയ്യ പ്രസിഡന്റ്, മേലാറ്റൂർ ഇസ്്ലാമിക് അക്കാദമി പ്രസിഡന്റ് തുടങ്ങി ദീനീ സേവന മേഖലകളുടെ മുന്നണിപ്പോരാളിയായിരുന്നു വന്ദ്യരായ ശൈഖുനാ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്്ലിയാർ. അറിവിന്റെയും ആദർശത്തിന്റെയും കർമലോകത്ത് അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് 2011 ഏപ്രിൽ മൂന്നിന് (റബീഉൽ ആഖിർ 29) 72ാം വയസ്സിൽ ഈ ലോകത്തോട് വിടചൊല്ലി.






