From the print
വലിയ ചുടുകാട് ഒരുങ്ങി, സമര സഖാവിന്റെ അന്ത്യയാത്രക്ക്
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പി കൃഷ്ണപിള്ള, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, സി കെ ചന്ദ്രപ്പന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ ചന്ദ്രാനന്ദന്‍ എന്നിവര്‍ക്കൊപ്പമാണ് വി എസിന് ശവകുടീരമൊരുങ്ങുന്നത്

ആലപ്പുഴ | സമരപുളകങ്ങളില്‍ ജ്വലിച്ചുനിന്ന ധീരസഖാക്കള്‍ക്കൊപ്പമാണ് പുന്നപ്രയുടെ സമരനായകന്‍ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമമൊരുക്കുന്നത്. സമര സഖാവിനെ ഏറ്റുവാങ്ങാന്‍ വലിയ ചുടുകാട് ഒരുങ്ങി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പി കൃഷ്ണപിള്ള, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, സി കെ ചന്ദ്രപ്പന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ ചന്ദ്രാനന്ദന്‍ എന്നിവര്‍ക്കൊപ്പമാണ് വി എസിന് ശവകുടീരമൊരുങ്ങുന്നത്.
കളര്‍കോട്ടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപവുമായി വി എസിന് ഏറെ വൈകാരിക ബന്ധമാണുള്ളത്. വി എസിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ രക്തസാക്ഷി മണ്ഡപത്തിലെ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി കറുത്ത കൊടി ഉയര്‍ത്തിയിരുന്നു. സംസ്‌കാരച്ചടങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം വലിയ ചുടുകാട്ടില്‍ പൂര്‍ത്തിയായി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അന്തിമോപചാരം ഏറ്റുവാങ്ങി സി പി എം ജില്ലാ കമ്മിറ്റി ഓഫീസ്, റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വി എസിന്റെ ഭൗതികശരീരം വലിയ ചുടുകാട്ടില്‍ എത്തിക്കുക. വൈകിട്ട് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതോടെ ഒരു നൂറ്റാണ്ടിന്റെ പോരാട്ടവീര്യത്തിനാണ് തിരശ്ശീല വീഴുന്നത്.
വി എസിന്റെ വിജയവും പരാജയവും നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച മണ്ണാണ് ആലപ്പുഴയുടേത്. ഇവിടെ വി എസിന്റെ നയങ്ങള്‍ക്ക് വലിയ വേരോട്ടമുണ്ടായിരുന്നു. അവസാന നിമിഷം വരെ വി എസിനൊപ്പം നിലയുറപ്പിച്ച ജില്ലയിലെ പാര്‍ട്ടി നേതൃത്വം 2015ലെ സംസ്ഥാന സമ്മേളനത്തോടെയാണ് സമരനായകനെ കൈയൊഴിഞ്ഞത്.
എങ്കിലും ആലപ്പുഴയെ കൈയൊഴിയാന്‍ വി എസ് തയ്യാറായിരുന്നില്ല. വി എസിന്റെ പോരാട്ടങ്ങളുടെ അങ്കത്തട്ടായിരുന്നു ആലപ്പുഴ. തിരഞ്ഞെടുപ്പില്‍ പരാജയങ്ങള്‍ സമ്മാനിച്ചെങ്കിലും വി എസ് ആലപ്പുഴയെ നേഞ്ചോടു ചേര്‍ത്തുനിര്‍ത്തി. വലിയ തിരിച്ചടികള്‍ ആലപ്പുഴയില്‍ നേരിടേണ്ടി വന്നെങ്കിലും വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം തന്റെ കർമ മണ്ഡലത്തില്‍ തുടര്‍ന്നു.
പത്ത് വര്‍ഷത്തെ സെക്രട്ടറി സ്ഥാനത്തിന് പരിസമാപ്തി കുറിച്ച് മുഖ്യമന്ത്രിയാകുമെന്ന സ്വപ്നത്തിന്, ഇടത് കോട്ടയായ മാരാരിക്കുളത്ത് തോല്‍വി തിരിച്ചടിയായപ്പോഴും 2015ല്‍ ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിമര്‍ശങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങി വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോഴും വി എസ് എന്ന പോരാളിക്ക് ഒരു കുലുക്കവുമുണ്ടായില്ല.
ആലപ്പുഴ വി എസിന് എന്നും ഒരു വികാരമായിരുന്നു. ആലപ്പുഴയില്‍ വി എസ് എത്തിച്ചേരാത്ത വഴികളില്ല. അതൊക്കെ കൊണ്ടാകും ഇന്ന് എല്ലാ വഴികളും ആലപ്പുഴയിലേക്ക് എത്തിനില്‍ക്കുന്നത്. തിരക്കുകളില്‍ തുടരുമ്പോഴും അതെല്ലാം മാറ്റിവെച്ച് വേലിക്കകത്ത് വീട്ടില്‍ ഓണമുണ്ണാന്‍ വി എസ് എല്ലാ വര്‍ഷവും എത്തിയിരുന്നു.
2019ലാണ് അവസാനമായി വി എസ് ആലപ്പുഴയിലെത്തിയത്. ആ വര്‍ഷത്തെ ഓണസദ്യയുണ്ടും ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വത്തിന് ദീപശിഖ കൈമാറിയും തലസ്ഥാനത്തേക്ക് മടങ്ങിയ വി എസ് പിന്നീട് ആലപ്പുഴയിലേക്കെത്തിയില്ല. ഇത്തവണ വി എസിന്റെ ചേതനയറ്റ ഭൗതികദേഹമാണ് ആലപ്പുഴയിലെത്തുന്നത്. ഇനി ഇവിടെ നിന്ന് ഒരു മടക്കമില്ല. ആയിരങ്ങള്‍ ഇന്ന് അവസാനമായി വി എസ് എന്ന സമര നക്ഷത്രത്തെ മുദ്രാവാക്യം വിളികളോടെ യാത്രയാക്കും.