Connect with us

aathmeeyam

ഓർമകളിലെ ഒഴിവുകാലം

സോഷ്യൽ മീഡിയയുടെ അഡിക്‌റ്റുകളാണ് പുതിയ കാലത്തെ കുട്ടികളിലധികപേരും. ശരീരം അനങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അനിയന്ത്രിതമായി ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സാധ്യത കൂടുതലാണ്. അതുമുഖേന അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും ഇന്ന് കുട്ടികളിൽ വർധിച്ചുവരുന്നു. പുറത്തിറങ്ങാതെ വീടുകളിൽ തളച്ചിടപ്പെടുന്ന കുട്ടികൾ കടുത്ത മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് വിധേയരാകുന്നു. കുട്ടികൾക്ക് കളിക്കാനും മറ്റു കുട്ടികൾക്കൊപ്പം സമയം ചെലവിടാനുമുള്ള സാഹചര്യങ്ങൾ മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണം. കുട്ടികള്‍ക്ക് താത്പര്യമുള്ള കലകളും കലാവിരുതുകളും പ്രോത്സാഹിപ്പിക്കണം. അതിനായി പ്രത്യേക പരിശീലനം നല്‍കണം.

Published

|

Last Updated

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദിനങ്ങളാണ് അവധിക്കാലം. പാഠപുസ്തകങ്ങളുടെയും പഠന ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഇറക്കിവെക്കാനുള്ള സുവർണാവസരമാണത്. എന്നാൽ, പല രക്ഷിതാക്കള്‍ക്കും പലപ്പോഴും ആകുലതകളുടെയും വ്യാകുലതകളുടെയും നാളുകളാണ് അവധിക്കാലം. പകലന്തിവരെ വിദ്യാലയങ്ങളിലും മറ്റും കഴിഞ്ഞിരുന്ന കുട്ടികള്‍ ദിവസങ്ങളോളം വീട്ടിലാകുമ്പോള്‍ അവരിൽ നിന്നുണ്ടാകുന്ന ചെറിയ-വലിയ “പ്രശ്‌നങ്ങള്‍’ പരിഹരിക്കാനാകാതെ രക്ഷിതാക്കൾ നിഷ്ക്രിയരാകുന്നു. ഒടുവിൽ കുട്ടികളുടെ സമ്മർദത്തിനു വഴങ്ങി അശാസ്ത്രീയമായ ഉല്ലാസ യാത്രകൾക്ക് പോകാനും നിലവാരമില്ലാത്ത പഠന കേന്ദ്രങ്ങളിലേക്ക് കുട്ടികളെ അയക്കാനും മറ്റും രക്ഷിതാക്കൾ നിർബന്ധിതരാകുന്നു. മാങ്ങയും കശുവണ്ടിയും പെറുക്കിയും വിനോദവും വികൃതിയുമായും അവധിക്കാലം വിനിയോഗിച്ച നാളുകള്‍ ഇന്ന് അന്യമായി. പഴയകാല കുട്ടികൾ വോളിബോൾ, ഫുട്ബോൾ, കിളികളി, സാറ്റ് കളി, താലപ്പന്തുകളി തുടങ്ങി അനേകം കളികളിൽ മുഴുകുകയും ധാരാളം ജീവിതപാഠങ്ങൾ പരിശീലിക്കുകയും ചെയ്യുമായിരുന്നു. കളിയിൽ തോൽക്കുമ്പോൾ പരാജയങ്ങളെ നേരിടാനുള്ള പാടവവും പരിശീലനവും ലഭിക്കുന്നു. അത് പിന്നീട് ജീവിതത്തിലും വിദ്യാഭ്യാസ രംഗത്തും ജോലിയിലുമൊക്കെ തിരിച്ചടികളും പരാജയങ്ങളുമുണ്ടാകുമ്പോൾ സ്വാഭാവികമാണെന്ന ബോധ്യമുണ്ടാക്കുന്നു. ടീം ബിൽഡിംഗ്, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, ആശയവിനിമയശേഷി, ശാരീരിക മാനസിക ക്ഷമത എന്നിവയെല്ലാം കളികൾ പകർന്നുതരുന്നു. അതിനാൽ അവധിക്കാലത്ത് മുറിക്കകത്ത് അടച്ചിട്ടിരുന്ന് സമയം കൊല്ലുന്ന ടെലിവിഷൻ ഇന്റർനെറ്റ്, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ, വീഡിയോ ഗെയിമുകൾ എന്നിവ നിയന്ത്രിച്ച് ശാരീരിക മാനസിക ശേഷിയും വ്യക്തി ബന്ധങ്ങളും വളർത്തുന്ന യഥാർഥ കളികളിലേക്ക് കുട്ടികളെ വഴിതിരിച്ചു വിടേണ്ടത് അനിവാര്യമാണ്. സോഷ്യൽ മീഡിയയിൽ മാത്രം ജീവിതം കുടുക്കിയിട്ട കുട്ടികള്‍ക്ക് യഥാർഥ ജീവിതത്തിൽ ആളുകളുമായി ഇടപഴകാനും വിവിധ ‍ജീവിത സാഹചര്യങ്ങളെ നേരിടാനുമുള്ള കഴിവ് കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ഗ്രൗണ്ടിലിറങ്ങി മറ്റു കുട്ടികളുമായി ഇടപഴകുന്ന കളികളിലേർപ്പെടാൻ അവധിക്കാലത്ത് കുട്ടികൾക്ക് അവസരമൊരുക്കണം. നട്ടുച്ച സമയത്തും ചൂട് കൂടുതലുള്ള സമയത്തും കുട്ടികളെ കളിക്കാൻ വിടാതിരിക്കാനും ശ്രദ്ധിക്കണം. കാരണം, അത് സൂര്യാഘാതവും മറ്റും സംഭവിക്കാനുള്ള സാഹചര്യമുണ്ടാക്കും.

സോഷ്യൽ മീഡിയയുടെ അഡിക്‌റ്റുകളാണ് പുതിയ കാലത്തെ കുട്ടികളിലധികപേരും. ശരീരം അനങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അനിയന്ത്രിതമായി ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സാധ്യത കൂടുതലാണ്. അതുമുഖേന അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും ഇന്ന് കുട്ടികളിൽ വർധിച്ചുവരുന്നു. പുറത്തിറങ്ങാതെ വീടുകളിൽ തളച്ചിടപ്പെടുന്ന കുട്ടികൾ കടുത്ത മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് വിധേയരാകുന്നു. കുട്ടികൾക്ക് കളിക്കാനും മറ്റു കുട്ടികൾക്കൊപ്പം സമയം ചെലവിടാനുമുള്ള സാഹചര്യങ്ങൾ മാതാപിതാക്കൾ ഒരുക്കിക്കൊടുക്കണം. കുട്ടികള്‍ക്ക് താത്പര്യമുള്ള കലകളും കലാവിരുതുകളും പ്രോത്സാഹിപ്പിക്കണം. അതിനായി പ്രത്യേക പരിശീലനം നല്‍കണം. അവധിക്കാലത്ത് കന്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുകയും അത് മുൻകൂട്ടി അവരെ ബോധ്യപ്പെടുത്തുകയും വേണം. കൂട്ടുകാര്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് കളിക്കാന്‍ ഏവർക്കും ഇഷ്ടമാണ്. അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊടുക്കണം. തട്ടലും മുട്ടലും വഴക്കും കരച്ചിലുമൊക്കെ സ്വാഭാവികമാണ്. എന്നാൽ, കളികളിലൂടെയാണ് കുഞ്ഞുങ്ങള്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. ജയത്തിന്റെ മധുരവും തോല്‍വിയുടെ കയ്പും ജീവിതത്തില്‍ പതിവുള്ളതാണെന്ന് അവര്‍ മനസ്സിലാക്കണം. കഠിനാധ്വാനത്തിലൂടെ, തോല്‍വിയുടെ കയ്പ് വിജയത്തിന്റെ മധുരമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാൻ അനേകം അവസരങ്ങളുണ്ടാകും. അങ്ങനെ രക്ഷിതാക്കൾ കുട്ടികളുടെ മികച്ച കൂട്ടുകാരാകുമ്പോഴാണ് വീടകങ്ങളിൽ സന്തോഷവും സമാധാനവും കളിയാടുന്നത്.

അവധിക്കാലം സന്ദര്‍ശനങ്ങളുടെ കാലം കൂടിയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദർശിച്ച് സ്നേഹബന്ധങ്ങൾ വളർത്താൻ അവസരം നൽകണം. അനാഥാലയങ്ങൾ, ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, നിലവാരമുള്ള സ്ഥാപനങ്ങൾ, ബിസിനസ് സംരംഭങ്ങൾ, പ്രധാന വ്യക്തികൾ എന്നിവ അതിൽ ഉൾപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്നേഹവും കരുതലും അനുഭവകഥകളും കുട്ടിയില്‍ പോസിറ്റീവ് ചിന്തകൾ നിറക്കും. മനസ്സിന് സന്തോഷം നല്‍കുന്നതിനൊപ്പം നിത്യമുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതുമയുള്ള ചില അനുഭവങ്ങൾ കൂടി ലഭിക്കാൻ ഇടവരുത്തും.

ചുരുക്കത്തിൽ അവധിക്കാലം കുട്ടികള്‍ക്ക് കൂടുതല്‍ ആഘോഷവും ആനന്ദവുമാകണം. അപ്പോഴാണ് മാനസികമായും ശാരീരികമായും അവര്‍ ആരോഗ്യമുള്ളവരാകുന്നത്. ബാല്യത്തില്‍ കുഞ്ഞു മനസ്സുകളിൽ കയറിക്കൂടുന്ന അറിവുകളും അനുഭവങ്ങളുമാണ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവരെ വഴിനടത്തുന്നത്. അവധിക്കാലത്ത് പോലും കുട്ടികളെ മുഴുസമയവും പാഠ്യവിഷയങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരുണ്ട്. അത് ഉപകാരത്തേക്കാൾ അപകടമാണ് വരുത്തിവെക്കുക. അവധിക്കാലം ഉല്ലാസപ്രദവും രസകരവുമാകാൻ മാതാപിതാക്കളുടെ ബോധപൂര്‍വമായ ചില ശ്രമങ്ങൾ അനിവാര്യമാണ്. അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുട്ടികളുമായി ആലോചിച്ച് ഒരു കര്‍മപദ്ധതി തയ്യാറാക്കുകയും അത് ഫലദ്രമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്താൽ അവധിക്കാലം നന്മനിറഞ്ഞതായിത്തീരും. അധ്യയനകാലത്ത് വേണ്ടവിധം അനുവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളെല്ലാം യഥാവിധം ചെയ്യാന്‍ അവധിക്കാലം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താം. അവധിക്കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ലളിതമായ കര്‍മപരിപാടിയാണ് വായന. പാഠപുസ്തകങ്ങള്‍ക്കപ്പുറം അറിവിന്റെ ഒരു വലിയ ലോകം കീഴടക്കാന്‍ വായനയിലൂടെ സാധിക്കും. ഉത്തമ ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, വിവിധ ഭാഷകളിലുള്ള പത്രങ്ങള്‍ എന്നിവയൊക്കെ വായിക്കുന്നതിലൂടെ എക്കാലത്തും ഉപകാരപ്രദമാകുന്ന ഒട്ടേറെ അറിവുകള്‍ നേടാന്‍ ഏതു മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും സാധിക്കും. അവധിക്കാലത്ത് വിദ്യാർഥികളുടെ സമയം വളരെ ഫലപ്രദമായി വിനിയോഗിക്കാൻ സഹായകമാകുന്ന സമ്മർ ക്യാമ്പുകൾ ഓരോ പ്രദേശങ്ങളിലും സംഘടിപ്പിക്കണം. വലിയ ഫീസുകൾ നിശ്ചയിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രയാസമുണ്ടാക്കരുത്. മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകണം.

അത്യുത്സാഹത്തോടെയാണ് കുട്ടികൾ ക്യാമ്പുകളിലെത്തുക. വിദ്യാഭ്യാസത്തിനുപുറമെ മറ്റനേകം അറിവുകൾ നേടാനും നൈപുണികൾ വികസിപ്പിക്കാനും സമ്മർ ക്യാമ്പുകൾ സഹായിക്കുന്നു. ഭാഷാപഠനത്തിന് നല്ല പ്രാവീണ്യവും അടിസ്ഥാന വിവരവും ആവശ്യമാണ്. മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങിയ ഭാഷകളിലെ മെച്ചപ്പെട്ട പഠനവും നല്ല കഴിവും ഭാവിയില്‍ തൊഴില്‍ രംഗത്ത് വലിയ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ആപ്ലിക്കേഷൻ വഴിയോ പഠനകേന്ദ്രങ്ങള്‍ വഴിയോ ട്യൂഷന്‍ വഴിയോ ഇത്തരം ഭാഷകളില്‍ അധിക പഠനത്തിന് സാഹചര്യം കണ്ടെത്താവുന്നതാണ്. സ്കൂൾ പഠന സമയത്ത് മതവിദ്യാഭ്യാസത്തിനും ഖുര്‍ആന്‍ പഠനത്തിനുമൊക്കെ വേണ്ടത്ര അവസരം ലഭിക്കാത്തവര്‍ക്ക് ദിനേന അൽപ്പ സമയം ഗുരുനാഥന്മാർ മുഖേെനയോ ഓൻലൈൻ മാർഗമോ കണ്ടെത്താം. അങ്ങനെ അവധിക്കാലം മതപഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ഖുര്‍ആനിലെ കൊച്ചുസൂറത്തുകള്‍ മനഃപാഠമാക്കാനും മനഃപാഠമായതില്‍ പോരായ്മയുണ്ടെങ്കിൽ അവ പരിഹരിക്കാനും ശ്രദ്ധിക്കണം. ഉപകാരമാകുന്നവ നേടാനും അറിയേണ്ടത് സ്വായത്തമാക്കാനും ആവശ്യമായത് പഠിക്കാനും പരിശീലിക്കാനുമൊക്കെയുള്ള കാലമാണ് ഒഴിവുസമയം. കാലം ആരെയും കാത്തിരിക്കില്ല. കഴിഞ്ഞുപോയത്‌ തിരിച്ചു വരികയുമില്ല. ഓരോ ഹൃദയമിടിപ്പും നമ്മോട് പറയുന്നത് ജീവിതം മിനുട്ടുകളും സെക്കന്റുകളുമാണെന്നാണ്. ഇബ്‌നു അബ്ബാസ്(റ) നിവേദനം. തിരുനബി(സ) പറഞ്ഞു: “രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികമാളുകളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവും’ (അഹ്മദ്).

Latest