Connect with us

National

ലഹരി മരുന്നിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം അറസ്റ്റില്‍

പ്രമുഖ അന്താരാഷ്ട്ര കൊറിയര്‍ കമ്പനി വഴി മയക്കുമരുന്നെത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും  കേസെടുക്കാതിരിക്കാന്‍ പണം നല്‍കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. 

Published

|

Last Updated

ബെംഗളൂരു | അന്വേഷണ ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ വ്യാപക തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പെടുന്ന സംഘം അറസ്റ്റില്‍. കൊറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ഏഴ് മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുമാണ് പോലീസ് പിടിയിലായത്.

ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിയ കേസില്‍ കോഴിക്കോട് സ്വദേശികളായ എം.പി. ആഷിക്, എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരെ കേരളത്തില്‍ വെച്ചാണ് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശികളായ അസീം അഫന്‍ഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കന്‍സിഭായ് റബാനി, രാജസ്ഥാന്‍ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാര്‍,ലളിത് കുമാര്‍, രാജ്‌കോട്ട് ജാംനഗര്‍ സ്വദേശി മഖാനി കരീംലാല്‍ കമറുദ്ദീന്‍ എന്നിവരെ ബെംഗളൂരു പോലീസും സൈബര്‍ ക്രൈം പോലീസും ചേർന്നും പിടികൂടി.

ഐബി, സിബിഐ, ഇഡി, എന്‍ഐഎ, എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണക്കാരുടെ ഫോണ്‍ നമ്പരുകളിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ ഡി ദയാനന്ദ് പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര കൊറിയര്‍ കമ്പനി വഴി മയക്കുമരുന്നെത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും  കേസെടുക്കാതിരിക്കാന്‍ പണം നല്‍കണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.  പല മലയാളികളും തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറയുന്നു. പരാതികള്‍ കൂടിയതോടെയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 25,47,000 രൂപ പോലീസ് കണ്ടെടുത്തു. മൊബൈല്‍ഫോണ്‍ ലാപ്‌ടോപ്പ് എന്നിവയും പിടിക്കൂടിയിട്ടുണ്ട്.

Latest