Kerala
പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് 60 വര്‍ഷം കഠിന തടവും പിഴയും
പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു

പത്തനംതിട്ട | പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാര്‍(43)നെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജ് എ സമീര്‍ ശിക്ഷിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം.
കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്‍കിയതു വഴിയുള്ള പരിചയത്തില്‍, വാടക വീട്ടില്‍ വെച്ചും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2020 ല്‍ ഇയാള്‍ കുട്ടിയുടെ വിട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു.
പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു ബിജുവായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി.