Kerala
മൂര്‍ഖനെ വനത്തില്‍ തുറന്നു വിടുന്നതിനിടെ കടിയേറ്റ 'സര്‍പ്പ' വൊളന്റിയര്‍ മരിച്ചു
കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം | പിടികൂടിയ മൂര്‍ഖനെ വനത്തില്‍ തുറന്നു വിടുന്നതിനിടെ കടിയേറ്റ ‘സര്‍പ്പ’ വൊളന്റിയര്‍ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വനം വകുപ്പിന്റെ ‘സര്‍പ്പ’ ആപ്പ് വഴിയുള്ള അറിയിപ്പിലൂടെ പാമ്പുകളെ സുരക്ഷിതമായി പിടിക്കുന്ന ഷിബുവും സഹപ്രവര്‍ത്തകനും പിടിച്ച അണലി, മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ എത്തി. ഇവിടത്തെ ആര്‍ ആര്‍ ടി സംഘത്തിനൊപ്പം പൊന്മുടി വനത്തിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി ഷിബുവിന് മൂര്‍ഖന്റെ കടിയേറ്റത്.
ഷിബുവിന്റെ കൈയില്‍ ആണ് കടിയേറ്റത്. ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ഷിബുവിനെ വിതുരയില്‍ എത്തിച്ചു ആന്റി വെനം നല്‍കി. എങ്കിലും നില വഷളായി. സഹപ്രവര്‍ത്തകര്‍ സി പി ആര്‍ നല്‍കി ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ഷിബുവിനെ ഇവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപകട നിലയുടെ ആദ്യ ഘട്ടം തരണം ചെയ്തതാണ്. എന്നാല്‍ പിന്നീട് മരുന്നുകളോട് പ്രതികരിച്ചില്ല ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.