Connect with us

Malappuram

വട്ടപ്പാറ വളവ് ഒഴിവാക്കാനായി നിര്‍മിക്കുന്നത് രണ്ട് കിലോമീറ്റര്‍ പാലം

ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.

Published

|

Last Updated

വളാഞ്ചേരി | ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരവും പൂര്‍ണമായും ഒഴിവാക്കിയാണ് പാത കടന്നുപോകുന്നത്.
വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കാനായി വലിയ വയഡക്റ്റാണ് (കരയിൽ നിർമിക്കുന്ന പാലം) നിർമിക്കുക. നാല് കിലോമീറ്ററിലധികം വരുന്ന പുതിയ പാതയില്‍ രണ്ട് കിലോമീറ്ററോളം വയഡക്റ്റാണ്.

ആറുവരി പാതയിൽ വയഡക്റ്റിന് പുറമേ ചെറുപാലങ്ങളും അടിപ്പാതകളും നിർമിക്കും. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക. പാത കടന്നുപോകുന്ന സ്ഥലത്തെ നിലമൊരുക്കൽ ജോലിയാണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. കാപ്പിരിക്കാട് വരെയുള്ള റീച്ചിലാണ് വളാഞ്ചേരിയിലെ പ്രവൃത്തി നടക്കുന്നത്.

ദേശീയപാതയിൽ പഴയ സി ഐ ഓഫീസ് കഴിഞ്ഞ് വട്ടപ്പാറ ഇറക്കത്തിലെ നിസ്കാര പള്ളിക്ക് സമീപത്ത് നിന്നാണ് നിലവിലെ പാതയിൽനിന്നും മാറി പുതിയ പാത പോകുക. വയൽ പ്രദേശത്തിലേക്കിറങ്ങുന്ന പാത ഓണിയൽ പാലം കഴിയുന്നിടത്ത് നിലവിലെ ദേശീയപാതയിൽ വന്ന് ചേരുന്നവിധമാണ് നിർമിക്കുന്നത്.
അതേസമയം കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവിലെ റോഡ് വീതീ കൂട്ടുന്നതിനോടൊപ്പം ചെങ്കുത്തായ കയറ്റങ്ങൾ എന്നിവ ഒഴിവാക്കിയാണ് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നത്.
ഇരുപാതകളും യാഥാർഥ്യമാകുന്നതോടെ അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ വട്ടപ്പാറ വളവിൽനിന്നും രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരത്തിൽ മാറി യാത്ര ചെയ്യാനാകുമെന്ന അശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.

Latest