Connect with us

National

കുംഭമേളയില്‍ തിരക്കില്‍പ്പെട്ട് മരിച്ചത് 82 പേര്‍; കേന്ദ്രത്തെ വെട്ടിലാക്കി ബി ബി സി റിപോര്‍ട്ട്

37 പേര്‍ മരിച്ചെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാറിൻ്റെ ഔദ്യോഗിക കണക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തെയും ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കുംഭമേളയിലുണ്ടായ അപകട മരണക്കണക്കിലെ കൃത്രിമം അന്തർദേശീയ വാര്‍ത്താ ഏജന്‍സിയായ ബി ബി സിയാണ് വെളിപ്പെടുത്തിയത്. കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേര്‍ മരിച്ചെന്നാണ് ബി ബി സിയുടെ റിപോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ 37 പേര്‍ മാത്രമായിരുന്നു മരിച്ചത്. മരിച്ച 37 പേരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 25 ലക്ഷം രൂപയും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക കണക്കില്‍പ്പെടാത്തവരുടെ കുടുംബങ്ങള്‍ക്ക് പണമായി അഞ്ച് ലക്ഷം രൂപ നല്‍കിയതായും ബി ബി സിയുടെ പുതിയ റിപോര്‍ട്ടില്‍ പറയുന്നു.

നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളടക്കമാണ് ബി ബി സി ഹിന്ദി വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്കനുസരിച്ച് ഏകദേശം 87 ലക്ഷം തീര്‍ഥാടകരാണ് കുഭമേളയില്‍ പുണ്യ സ്‌നാനം നടത്തിയത്. 62 കോടി തീര്‍ഥാടകര്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. 37 പേര്‍ മാത്രമാണ് മരിച്ചതെന്ന് യു പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കുംഭമേളയില്‍ മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്റെ ആരോപണം. പിന്നാലെ വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയപ്പോഴാണ് ബി ബി സിയുടെ പുതിയ റിപോര്‍ട്ട് പുറത്തുവന്നത്.