local body election 2025
തലശ്ശേരി നഗരസഭയിൽ 73,279 വോട്ടർമാർ
തലശ്ശേരി നഗരസഭയിൽ ആകെ വാർഡുകൾ 53, സ്ഥാനാർഥികൾ 174,ഇടത് മുന്നണിയാണ് മൂന്ന് പതിറ്റാണ്ടായി നഗരസഭ ഭരിക്കുന്നത്
തലശ്ശേരി | ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം തലശ്ശേരി നഗരസഭയിൽ ആകെയുള്ളത് 73,279 വോട്ടർമാർ. ഇവരിൽ 33,516 പുരുഷന്മാരും 39,763 സ്ത്രീ വോട്ടർമാരുമുണ്ട്. ഇത്തവണ 53ൽ എത്തിനിൽക്കുന്ന വാർഡുകളിലെ സ്ഥിരതാമസക്കാരായ ഇത്രയും വോട്ടർമാർ ചൂണ്ടിക്കാട്ടും അടുത്ത അഞ്ച് വർഷം ചരിത്ര പട്ടണത്തെ നയിക്കേണ്ടവർ ഇവരാണെന്ന്. പടിവാതിൽക്കൽ എത്തിക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി 174 സ്ഥാനാർഥികളാണ് അന്തിമമായി മത്സരരംഗത്തുള്ളത്.
നഗരസഭയിലെ 27ഉം സ്ത്രീ സംവരണ വാർഡുകളാണ്. ജനറൽ വിഭാഗത്തിൽ 25ഉം പട്ടികജാതി വിഭാഗത്തിൽ ഒന്നും വാർഡുകളുണ്ട്. എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ സ്ഥാനാർഥികൾക്ക് പുറമെ വിമതന്മാരും മത്സരരംഗത്തുണ്ട്. ചില വാർഡുകളിലെ മത്സരം പൊടിപാറും. വോട്ടുചോർച്ചയെ എല്ലാവരും ഭയക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് മുന്നണിയാണ് തലശ്ശേരി നഗരസഭ ഭരിക്കുന്നത്.
കഴിഞ്ഞ തവണയുണ്ടായിരുന്ന 52 വാർഡുകളിൽ 37 എണ്ണം ഇടത് മുന്നണി ജയിച്ചുകയറിയതാണ്. വാശിയേറിയ മത്സരത്തിൽ എട്ടിടത്ത് ബി ജെ പിക്ക് ജയിച്ചിരുന്നു. യു ഡി എഫിൽ മുസ്്ലിം ലീഗിന് നാലും കോൺഗ്രസ്സിന് മൂന്നും അംഗങ്ങളാണുള്ളത്- ഇത്തവണ എണ്ണം കൂട്ടാൻ യു ഡി എഫും ബി ജെ പിയും വിയർപ്പൊഴുക്കി കാൻവാസിംഗ് തുടങ്ങി. മുന്നണികൾക്ക് ഭീഷണിയായി വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും ഗോദയിലുണ്ട്.
പാലിശ്ശേരി, വീവേഴ്‌സ്, കുഴിപ്പങ്ങാട്, കോണോർവയൽ വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. എസ് ഡി പി ഐ എട്ട് വാർഡുകളിലാണ് പോരിനിറങ്ങിയിട്ടുള്ളത്. എൽ ഡി എഫിൽ സി പി എം- 46 വാർഡുകളിൽ മത്സരിക്കുന്നുണ്ട്. സഖ്യത്തിലെ സി പി ഐ- അഞ്ച്, എൻ സി പി- ഒന്ന്, ഐ എൻ എൽ- ഒന്ന് എന്നിങ്ങനെയാണ് പോരാട്ടം. യു ഡി എഫ് 53ൽ 17 വാർഡുകൾ ലീഗിനും ബാക്കി കോൺഗ്രസ്സിനുമാണ്. ബി ജെ പി 51 വാർഡുകളിൽ മത്സരരംഗത്തുണ്ട്. വെൽഫെയർ പാർട്ടി നാല് വാർഡുളിലും എസ് ഡി പി ഐ എട്ട് വാർഡുകളിലും മത്സരത്തിനുണ്ട്.
സി പി എമ്മിനും ബി ജെ പിക്കും ഭീഷണിയായി അഞ്ച് വാർഡുകളിൽ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്. വോട്ടർമാരിൽ ഇത്തവണയും വനിതകളാണ് കൂടുതൽ. പുരുഷന്മാരെക്കാൾ 6,247 പേർ വനിതകളാണ്. പിലാക്കൂൽ ഗാർഡൻസ് വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്- എണ്ണം 2,143 വരും. ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ളത് (860) മഞ്ഞോടി വാർഡിലാണ്. അധിക വോട്ടർമാരിൽ രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത് ഗോപാലപേട്ട, തലായി, കുഴിപ്പങ്ങാട് വാർഡുകളാണ്. 2,039, 1,992, 1,960 എന്നിങ്ങനെയാണ് യഥാക്രമം ഈ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം.


