Connect with us

prathivaram story

പ്രാണം

അയാൾ മലമുകളിലേക്കോടിക്കയറിയപ്പോഴേക്കും മകൻ കൊല്ലിക്കരികിലെത്തിയിരുന്നു. അയാളവനെ വിളിച്ചു. സൈക്കിളിൽ നിന്നിറങ്ങി, കൊല്ലിക്കരികിൽ നിൽക്കുന്ന അവനരികിലേക്കു നടന്നു.

Published

|

Last Updated

ഴുത്ത കൊക്കോകൾ പറിക്കാനായി അതിരാവിലെ തോട്ടത്തിലൂടെ നീങ്ങുമ്പോഴാണ്, മലഞ്ചെരുവിലൂടെ അവൻ സൈക്കിൾ ചവിട്ടിപ്പോകുന്നതു കാണുന്നത്. ചാക്ക് നിലത്തിട്ട് അയാൾ മകനെ വിളിച്ചു. കാറ്റിന്റെ മുഴക്കത്തിനൊപ്പം അവനതുകേട്ടില്ല. തോട്ടത്തിനുള്ളിലെ കോടക്കുള്ളിലൂടെ പിറകെ പാഞ്ഞു. കാറ്റിൽ, മഞ്ഞ കൊക്കോകൾ വീഴുന്നുണ്ടായിരുന്നു.
എസ്റ്റേറ്റിലെ കാപ്പിപ്പുരയിൽ കിടന്നിരുന്ന പഴഞ്ചൻ സൈക്കിൾ കങ്കാണിയോടു ചോദിച്ചു വാങ്ങിയത് മകനുവേണ്ടിയാണ്.

കാട്ടുവഴി കയറിയുമിറങ്ങിയും സ്‌കൂളിലേക്കു പോകുമ്പോൾ മൃഗങ്ങളുടെ ശല്യമുള്ളതിനാൽ, റോഡുവഴി അവന് പോകാനായി, അയാൾ സൈക്കിൾ ഗ്രാമത്തിലേക്കുന്തിക്കൊണ്ടുപോയി ശരിയാക്കിയെടുക്കുകയാണുണ്ടായത്.

സൈക്കിളാഞ്ഞു ചവിട്ടി അവൻ മലമുകളിലേക്കു നീങ്ങുന്നു. പിറകിൽ നിന്നയാൾ വിളിച്ചു കൊണ്ടിരുന്നു. അവനതൊന്നും കേട്ടതേയില്ല. അതോ, കേൾക്കാത്ത ഭാവത്തിൽ പോവുകയാണോ.? ആ വഴി കൊല്ലിയുടെ അരികിലാണ് അവസാനിക്കുന്നത്. ഇന്നലെ രാത്രി, സൈക്കിളിൽ നിന്നു വീണതിന് അയാളവനെ വഴക്കുപറഞ്ഞിരുന്നു. അവനിതെങ്ങോട്ടാണ് പോകുന്നത്..? മലമുകളിലേക്കുള്ള കുറുക്കുവഴിയിലൂടെ അയാളോടിക്കയറി.

സൈക്കിളോടിച്ച് സ്‌കൂളിലേക്കു പോകാൻ തുടങ്ങിയ മൂന്നാം ദിവസം അവൻ റോഡിൽ വീണു. വലതു കൈക്കുഴ ഉളുക്കി, നീരുവെച്ചു. അയാൾ തൈലമിട്ടു ഉഴിഞ്ഞാണ് ശരിയാക്കിയെടുത്തത്.രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇറക്കത്തിൽ വീണു നെറ്റിപൊട്ടി. എസ്റ്റേറ്റ് ആശുപത്രിയിൽ കൊണ്ടുപോയി തുന്നലിടേണ്ടിവന്നു. മിനിഞ്ഞാന്ന് വീണ്ടും വീണ് കണങ്കാലിനു മുറിവുപറ്റി.

അയാൾ മലമുകളിലേക്കോടിക്കയറിയപ്പോഴേക്കും മകൻ കൊല്ലിക്കരികിലെത്തിയിരുന്നു. അയാളവനെ വിളിച്ചു. സൈക്കിളിൽ നിന്നിറങ്ങി, കൊല്ലിക്കരികിൽ നിൽക്കുന്ന അവനരികിലേക്കു നടന്നു. അവൻ സൈക്കിൾ കൊല്ലിയിലേക്കുരുട്ടി. ഓടിയെത്തി, അവനെ പിടിച്ചപ്പോൾ സൈക്കിൾ പാറക്കെട്ടുകളിലേക്കു വീണ് ചക്രങ്ങൾ തെറിച്ചുപോവുന്നതു കണ്ടു. താഴ്്വരയിൽ എസ്റ്റേറ്റ്‌ ലയങ്ങളുടെ ചെറുരൂപങ്ങൾ കാണാം.

“ചാച്ചാ, എനിക്കിനി സൈക്കിൾ വേണ്ട.’
“കൊച്ചേ, നിനക്കെന്നാ പറ്റിയെടാ..?’
“ഞാൻ സ്‌കൂളിലോട്ട് നടന്നുപൊക്കോളാം, ചാച്ചാ.’
ഷർട്ടിന്റെ, പോക്കറ്റിനുള്ളിൽനിന്ന് അവൻ വളർത്തുന്ന അണ്ണാൻകുഞ്ഞ് അവരെ തലനീട്ടി നോക്കി.
“കൊച്ചേ, എന്നാത്തിനാടാ കരയുന്നേ..?’

“ചാച്ചാ, അന്ന് സൈക്കിളിൽ പോകുമ്പോൾ കറുത്ത തേരട്ട റോഡ് മുറിച്ചു നീങ്ങുകയായിരുന്നു. ഹാൻഡിൽ പെട്ടെന്നു തിരിച്ചു. കൈകുത്തി ഞാൻ വീണു. പിന്നീട്, ഇറക്കമിറങ്ങി വരുമ്പോൾ രണ്ട് ചൊമലവണ്ടുകൾ മൂടുകൾ ചേർത്ത് റോഡിലൂടെ പോവുന്നുണ്ടായിരുന്നു. ടയർ കയറാതിരിക്കാൻ ബ്രേക്ക് ആഞ്ഞുപിടിച്ചു. തലയടിച്ച് ഞാൻ റോഡിലേക്കു മറിഞ്ഞു. മിനിഞ്ഞാന്ന്, ഒരു പച്ചത്തവള റോഡിലൂടെ ചാടിച്ചാടിപ്പോകുന്നത് ഞാൻ കണ്ടില്ല, ചാച്ചാ..!  സൈക്കിൾ വെട്ടിച്ചയുടനെ കുഴിയിലേക്കു തെന്നി. തവള..! അയാൾ മകനെ അണച്ചുപിടിച്ചു. സൈക്കിൾ ബെൽ ആഴങ്ങളിൽ നിന്നൊന്നു മുഴങ്ങി. അണ്ണാൻകുഞ്ഞ് അവന്റെ ചുമലിലേക്കരിച്ചുകയറി, വാൽ ചുഴറ്റി ചിലച്ചു.

Latest