Kerala
49-ാമത് വയലാർ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്
'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് അംഗീകാരം

തിരുവനന്തപുരം | 49-ാമത് വയലാർ സാഹിത്യപുരസ്‌കാരത്തിന് ഇ സന്തോഷ് കുമാർ അർഹനായി. അദ്ദേഹത്തിൻ്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാർശ വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകിട്ട് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും, പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപ്പവും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അവാർഡ് തുക ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരാണ് പുരസ്‌കാര നിർണ്ണയ സമിതിയിലെ അംഗങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.