Connect with us

Cover Story

'നീലവാനിനു താഴെ പച്ചനാക്കിലവെച്ച...'

കേരളവുമായുള്ള ആഴത്തിലുള്ള ബന്ധം, സ്നേഹം, ഓർമകൾ എന്നിവയും കവിതകളിൽ കാണാം. നാടിനോടുള്ള സ്നേഹം, പ്രിയപ്പെട്ടവരുടെ ഓർമകൾ, ബാല്യകാലം എന്നിവയെല്ലാം കേരളത്തെ കുറിച്ച് പാടിയ കവിതകളിലെ വിഷയങ്ങളായി.

Published

|

Last Updated

കേരളം പിറവിയെടുത്തിട്ട് 69 ആണ്ടുകൾ തികയുന്നു. സ്വന്തം നാടിനെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്ന മുൻ തലമുറ ഇവിടെ ബാക്കിയാക്കി കടന്നുപോയത് നിരവധിയായ കവിതകളാണ്….പിന്നീട് വന്ന തലമുറകൾ അവയെ നെഞ്ചോട് ചേർത്തുവെച്ച് ഏറ്റുപാടിയപ്പോൾ സ്വന്തം നാടിനെ കുറിച്ചുള്ള അഭിമാനം നിറഞ്ഞവരായിരുന്നു ഒരോ കേരളീയനും. സ്വന്തം നാടിന്റെ ചരിത്രവും സംസ്കാരവും ഭൂപ്രകൃതിയെയും വർണിച്ച് എഴുതാത്ത മലയാള കവികൾ ഉണ്ടാകില്ല.
കവികളുടെ ഭാവനയിൽ കേരളം പലതരത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രകൃതി സൗന്ദര്യവും നാടിന്റെ സംസ്കാരവും സ്നേഹവും ആഴത്തിലുള്ള ഓർമകളും പലപ്പോഴും കവിതകളിൽ നിറയുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വർണനകൾ, പുഴകളും കായലുകളും കുന്നുകളും ഉൾക്കൊള്ളുന്ന കാഴ്ചകൾ, കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങൾ എന്നിവയെല്ലാം കവികൾ തങ്ങളുടെ ഭാവനയിൽ കണ്ടെടുത്തിട്ടുണ്ട്.

കേരളത്തിന്റെ മഴ, പുഴകൾ, കായലുകൾ, തെങ്ങുകൾ, പൂക്കൾ തുടങ്ങിയവയെല്ലാം കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. പല കവികളും കേരളത്തിന്റെ പ്രകൃതിയെ വാഴ്ത്തിയിട്ടുണ്ട്. കേരളീയരുടെ ജീവിതരീതി, സംസ്കാരം, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയെല്ലാം കവികളുടെ ഭാവനയിൽ രൂപം കൊള്ളുന്നു. സാധാരണക്കാരുടെ ജീവിതവും അവരുടെ അനുഭവങ്ങളും പലപ്പോഴും കവിതകളിലൂടെ അവതരിപ്പിക്കപ്പെടുന്നു.

 

കേരളവുമായുള്ള ആഴത്തിലുള്ള ബന്ധം, സ്നേഹം, ഓർമകൾ എന്നിവയും കവിതകളിൽ കാണാം. നാടിനോടുള്ള സ്നേഹം, പ്രിയപ്പെട്ടവരുടെ ഓർമകൾ, ബാല്യകാലം എന്നിവയെല്ലാം കേരളത്തെ കുറിച്ച് പാടിയ കവിതകളിലെ വിഷയങ്ങളായി. ഐക്യകേരളത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ബോധേശ്വരന്റെ അഖണ്ഡ കേരള സ്വപ്നമാണ് 1938ൽ എഴുതിയ കേരള ഗാനം. കേവലം 25 വരികളുള്ള ആ കവിത പിന്നീട് കേരളപ്പിറവിയുടെ തുടികൊട്ടായി മാറി.

കേരളത്തിന്റെ പ്രകൃതിയും സംസ്കാരവും മനോഹരമായി ഇടകലർന്ന ഈ കവിത പിന്നീടിങ്ങോട്ട് കേരളീയ സമൂഹത്തിൽ അഗാധമായ സ്വാധീനം ചെലുത്തി യാത്ര തുടർന്നു പോരുകയാണ്. കേരവൃക്ഷങ്ങളുടെ നാട് എന്ന അർഥത്തിൽ കേരളം എന്ന പേരു വന്നു എന്ന വാദത്തെ ശരിവെക്കും വിധത്തിൽ ബോധേശ്വരൻ
“കല്പക തരു നികരങ്ങൾ നിരക്കും
കല്പിത ഭൂവാണെന്റെ രാജ്യം’ – എന്ന് കേരളഗീതത്തിൽ എഴുതിയിട്ടുണ്ട്. കേരം എന്നാൽ തെങ്ങ്, അളം എന്ന് നാട് . ഈ രണ്ട് പദങ്ങളും ചേർന്ന് കേരളം എന്ന പേര് ഉണ്ടായിരിക്കുന്നതെന്ന് കവിതയിലൂടെ വ്യക്തം.

പച്ചയാം വിരിപ്പിട്ട സഹ്യനിൽ….

ഹരിതാഭമായ കേരളത്തിന്റെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും സംസ്കാരത്തെയും എത്ര മനോഹരമായാണ് മഹാകവി വള്ളത്തോൾ വരച്ചുവെച്ചിരിക്കുന്നത്. 1918 വള്ളത്തോളിന്റെ പച്ചയാം വിരിപ്പിച്ച സഹ്യനിൽ തല വെച്ചുകിടക്കുന്ന സ്വപ്നത്തിൽ നിന്ന് ഐക്യ കേരളമെന്ന ആശയം യാഥാർഥ്യമാക്കുന്നതിൽ കവിതക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ തന്നെ ദിവാസ്വപനത്തിലെ
“ഭാരതമെന്ന പേരുകേട്ടാലഭിമാനപൂരിതമാകണമന്തരംഗം –
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ –
എന്ന കവിതയിൽ കവിയുടെ കേരളത്തോടുള്ള ദേശസ്നേഹം കൂടി പരന്നൊഴുകുന്നുണ്ട്.

മലയാള ഭാഷയുടെ ശാലീന സൗന്ദര്യവും വേലിപ്പടർപ്പുകളും വാഴത്തോപ്പുകളും പാടങ്ങളും പാടവരമ്പുകൾക്കിടയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകളും എത്രയോ വട്ടം വള്ളത്തോളിന് രചനാ വിഷയങ്ങളായിരുന്നു. കേരളത്തിന്റെ പ്രകൃതിഭംഗി ഏറ്റവും ആകർഷിച്ചത് പ്രണയ കവികളെയാണ്. കാല്പനികരായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെയും പി കുഞ്ഞിരാമൻ നായരുടെയും ഊർജമായിരുന്നു കേരളപ്രകൃതി. ‘രമണ’നിലെ ‘മലരണിക്കാടുകൾ തിങ്ങിവിങ്ങി മരതകക്കാന്തിയിൽ മുങ്ങിമുങ്ങി’ എന്നുതുടങ്ങുന്ന പ്രകൃതിവർണന അവസാനിക്കുന്നത് ‘മതി മമ വർണനം- നിങ്ങളൊന്നാ/ മലനാടുകണ്ടാൽ കൊതിച്ചുപോകും’ എന്ന് സൂചിപ്പിച്ചാണ്.

കേരളത്തിന്റെ ഗ്രാമഭംഗി അവതരിപ്പിച്ച് കവിക്ക് മതിവരുന്നില്ല.
പിയുടെ കവിതകളിൽ കേരളത്തിന്റെ ഓരോ സ്പന്ദനവും വരച്ചുകാട്ടുന്നുണ്ട് ‘ചന്ദനവനത്തണലിൽ തെന്നൽനീന്തും നാട്/ ചന്തമാം മരിചമണിമാലയേന്തും നാട്’എന്നിങ്ങനെയാണ് കേരളഗാനം എന്ന കവിതയിൽ അദ്ദേഹം കേരളത്തെ അവതരിപ്പിക്കുന്നത്.

കേരളത്തെക്കുറിച്ച് രചിക്കപ്പെട്ട ഏറ്റവും ദീർഘമായ കവിത പാലാ നാരായണൻ നായരുടെ ‘കേരളം വളരുന്നു’ എന്ന കാവ്യമാണ്. ഈ കാവ്യത്തിന് എട്ട് ഭാഗങ്ങളുണ്ട്. ‘കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെ-/ ക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ’ എന്നു തുടങ്ങുന്ന ഈ കവിതയിലൂടെ കേരളത്തിന്റെ പെരുമയാണ് കവി അവതരിപ്പിക്കുന്നത്. കാവ്യത്തിലൊരിടത്ത്, “ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട്/ ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും…. എന്ന് അഭിമാനത്തോടെ കവി പറയുന്നു.

മലരണി ക്കാടുകൾ
തിങ്ങിവിങ്ങി…

കേരളത്തെക്കുറിച്ചുള്ള കവിതകൾ പലതരം വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ “ആ പൂമാല’ പോലുള്ള കവിതകളിലൂടെ പ്രണയവും പ്രകൃതിയും ആവിഷ്കരിക്കുന്നു. കാവാലം നാരായണ പണിക്കർ കവിതകളിലൂടെ കേരളീയ ഗ്രാമജീവിതത്തിന്റെ ഭംഗി പകർത്തുന്നു
കുഞ്ഞുണ്ണി മാഷിന്റെ “ആനയും ഈച്ചയും’ പോലുള്ള കവിതകളിലൂടെ കുട്ടികൾക്കായുള്ള ലളിതവും ചിന്തോദ്ദീപകവുമായ രചനകൾ നടത്തുന്നു. ഒ എൻ വി കുറുപ്പിന്റെ “അഗ്നി’, “അമ്മ’ തുടങ്ങിയ കവിതകൾ കേരളത്തിന്റെ വിവിധ അനുഭവങ്ങളും ഭാവനകളും വരച്ചുകാട്ടുന്നു. അതുപോലെ തന്നെ, വയലാർ, കമലാ സുരയ്യ എന്നിവരുടെ കേരളത്തെക്കുറിച്ചുള്ള ഭാവന തുളുന്പുന്ന കവിതകളും ശ്രദ്ധേയമാണ്.

കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ ആകാശക്കാഴ്ചയിലൂടെ ആവിഷ്‌കരിച്ചത് കവയിത്രി ബാലാമണിയമ്മയാണ്. ‘മഴുവിന്റെ കഥ’എന്ന കാവ്യത്തിന്റെ തുടക്കത്തിൽ നമുക്കത് കാണാം. നീലവാനിനു താഴെ പച്ചനാക്കിലവെച്ച/ പോലൊരു നാടുണ്ടെൻ കണ്ണെപ്പോഴുമോടും ദിക്കിൽ’ എന്ന് കവയിത്രി കേരളത്തെ ദൃശ്യാനുഭവമാക്കി മാറ്റുന്നു. ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം/ കേളീകദംബം പൂക്കും കേരളം കേരകേളിസദനമാണെൻ കേരളം’ എന്ന ഭാവനയിലൂടെ ശ്രീകുമാരൻ തമ്പി കേരളത്തെ ശ്രവ്യാനുഭവമാക്കി മാറ്റുന്നു. ഇങ്ങനെ കേരളം മലയാള കവിതയിൽ പലവിധത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

കവികളും എഴുത്തുകാരും പലവട്ടം പാടിപ്പുകഴ്ത്തിയ കേരളത്തിന്റെ ഗ്രാമീണ ഭംഗി ഇന്ന് കവിതകളിൽ മാത്രമാണ് നിലനിൽക്കുന്നത്. മരതക കാന്തിയാൽ മുങ്ങിയ കേരളം ഇന്ന് വർണചിത്രമായി സ്വീകരണമുറിയിലെ ചുമരിൽ തൂങ്ങിക്കിടക്കുന്നു.
കേരളത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ള സൗന്ദര്യം നിലനിർത്താൻ പുതിയ തലമുറക്ക് ഉത്തരവാദിത്വമുണ്ട്.

കൂട്ടുകാരുമൊത്ത് പാടത്ത് തോര്‍ത്ത്‌ വല ഉപയോഗിച്ച് മീന്‍ പിടിച്ചതും തൊടിയിലെ മാവില്‍ കല്ലെറിഞ്ഞതും പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍, മഴക്കാലത്ത് ഉറവ പൊട്ടുമ്പോള്‍ വെള്ളത്തില്‍ കാലുകൊണ്ട്‌ അടിച്ചു തെറിപ്പിച്ചു കൂട്ടുകാരുടെ ദേഹത്ത് വീഴ്ത്തിയതുമൊക്കെ ഓർക്കാനുള്ള ഒരവസരം കൂടിയാവണം ഇപ്രാവശ്യത്തെ കേരളപ്പിറവി ദിനാഘോഷം.
– മലയാളഭാഷ തൻ മാദക ഭംഗി
– നിൻ മലർ മന്ദഹാസമായ് വിരിയുന്നു
– കിളികൊഞ്ചുംനാടിന്റെ ഗ്രാമീണ ശൈലി
– നിൻപുളിയിലക്കര മുണ്ടിൽ തെളിയുന്നു.

 

.

Latest