Connect with us

hinduthva

'അവരുടെ ചരിത്ര പുസ്തകത്തിന്റെ താളുകള്‍ ആരോ കീറിക്കളഞ്ഞിട്ടുണ്ട്'; ഹിന്ദുത്വയുടെ പിതൃത്വത്തില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല

ഉദ്ദവ് താക്കറയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ബി ജെ പി- ശിവസേന വാക്‌പോരിന് അന്ത്യമില്ല

Published

|

Last Updated

മുംബൈ | ബി ജെ പിയുമായുള്ള 25 വര്‍ഷത്തെ സഖ്യം സമയം പാഴായതാണെന്ന ഉദ്ദവ് താക്കറയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ബി ജെ പി- ശിവസേന വാക്‌പോരിന് അന്ത്യമില്ല. ഇതിന് പിന്നാലെ ഹിന്ദുത്വയുടെ പിതൃത്വം തങ്ങള്‍ക്ക് ആണെന്ന ആവകാശവാദവുമായി ഇരുപക്ഷവും രംഗത്തെത്തി.

ബി ജെ പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് തന്റെ വിശ്വാസം. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവസേന. അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ശിവസേന ബി ജെ പിക്കൊപ്പം ചേര്‍ന്നിരുന്നതെന്നും താക്കറെ ഇന്നലെ പറഞ്ഞിരുന്നു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 96ാം ജന്‍മവാര്‍ഷികത്തില്‍ ശിവസേനാ പ്രവര്‍ത്തകരുടെ വര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍, മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രംഗത്തെത്തിയിരുന്നു. ശിവസേനയുടെ ഓര്‍മ്മകള്‍ സെലക്ടീവാണ്. മുംബൈ കോര്‍പ്പറേഷനില്‍ തങ്ങള്‍ക്ക് മെമ്പര്‍മാരുണ്ടായിരുന്ന കാലത്ത് ശിവസേന രൂപീകരിച്ചിട്ടുപോലുമില്ല. അയോധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടിയുള്ള സമരങ്ങളില്‍ ശിവസനേ എവിടെയായിരുന്നു. തങ്ങളാണ് ലാത്തികളും വെടിയുണ്ടകളും ഏറ്റുവാങ്ങിയതെന്നും ശിവസേനയുടെ ഹിന്ദുത്വ പ്രസംഗങ്ങളില്‍ മാത്രമേയുള്ളൂ വെന്നുമായിരുന്നു ഫഡ്ാനാവിസിന്റെ മറുപടി.

ഇതിന് മറുപടിയുമായി ഇന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ഹിന്ദുത്വ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യ പാര്‍ട്ടി ശിവസേനയാണെന്ന് അദ്ദേഹം പറഞ്ഞു. നവ ഹിന്ദുത്വ വാദികളായ ബി ജെ പിയുടെ പുതിയ നേതാക്കള്‍ക്ക് ചരിത്രത്തെക്കുറിച്ച് ഒരറിവും ഇല്ല. അവരുടെ ചരിത്ര പുസ്തകത്തിന്റെ താളുകള്‍ ആരോ കീറിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ കാലത്തും തങ്ങളാണ് അവര്‍ക്ക് അറിവ് പകര്‍ന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

---- facebook comment plugin here -----