Kozhikode
'ഗസ്സയുടെ പേരുകള്‍'; സാമ്രാജ്യത്വത്തിനും സിയോണിസത്തിനുമെതിരെ കേരളത്തിന്റെ ഐക്യദാര്‍ഢ്യം
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് ഐക്യദാര്‍ഢ്യ സംഗമം നടന്നത്. ഗസ്സയില്‍ കൊല്ലപ്പെട്ട 1,500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ചാണ് സ്മരിച്ചത്.
'ഗസ്സയുടെ പേരുകള്‍' -കോഴിക്കോട് ഗസ്സക്കൊപ്പം' ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിലമ്പൂര്‍ ആയിഷ സംസാരിക്കുന്നു.
കോഴിക്കോട് | അതിവിദൂരത്താണെങ്കിലും, ഗസ്സയിലെ സാമ്രാജ്യത്വ-സയണിസ്റ്റ്
കൂട്ടക്കുരുതിക്കെതിരായ കേരളത്തിന്റെ പ്രതിഷേധവും വേദനയുമായി മാറി കോഴിക്കോട്ട് നടന്ന ‘ഗസ്സയുടെ പേരുകള്‍’ എന്ന കൂട്ടായ്മ. ഇസ്‌റാഈലിന്റെ പൈശാചിക ആക്രമണത്തിനിരയായി ജീവന്‍ കവര്‍ന്നെടുക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ സ്മരണയില്‍ പൊരുതുന്ന ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യമായിരുന്നു അത്.
‘ഗസ്സയുടെ പേരുകള്‍’ -കോഴിക്കോട് ഗസ്സക്കൊപ്പം’ എന്ന പേരില്‍ ഇന്ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലാണ് ഐക്യദാര്‍ഢ്യ സംഗമം നടന്നത്. ഗസ്സയില്‍ കൊല്ലപ്പെട്ട 1,500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ചാണ് സ്മരിച്ചത്. കലാ-സാംസ്‌കാരിക-രാഷ്ട്രീയം രംഗത്തെ പ്രമുഖരും വ്യാപാരികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ വരെയുള്ളവരുമായി വിവിധ മേഖലകളിലെ നൂറു പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ട 15 വീതം കുട്ടികളുടെ പേരുകള്‍ വായിച്ചു.
മലയാള നാടകവേദിയിലെ എക്കാലത്തേയും പ്രശസ്ത നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ നിലമ്പൂര്‍ ആയിഷ പേര് ചൊല്ലലിന് തുടക്കമിട്ടു. മുഖ്യ സംഘാടക ഡോ. ഖദീജ മുംതാസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം വായിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
എം കെ രാഘവന്‍ എം പി, അഹമദ് ദേവര്‍ കോവില്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ പി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, വി വസീഫ്, കെ അജിത, പ്രൊഫ. എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രൊഫ. ടി വി മധു, വി മുസഫര്‍ അഹമ്മദ്, ഡോ. മെഹറൂഫ് രാജ്, ഡോ കെ എസ് മാധവന്‍, ഡോ ആസാദ്, വീരാന്‍കുട്ടി, വി കെ സി മമ്മദ് കോയ, എസ് എ ഖുദ്‌സി, ഡോ. സുരേഷ് കുമാര്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ഡോ.ഹുസൈന്‍ മടവൂര്‍, വി എം വിനു, ഷാഹിന ബഷീര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പ്രമോദ് രാമന്‍, സോമന്‍ കടലൂര്‍, ഒ പി സുരേഷ്, സുനില്‍ അശോകപുരം, സോണിയ ഇ പ, ഡോ. മിനി മോനി, എ വി റഷീദലി, ഷീല ടോമി, സുഭാഷ് ചന്ദ്രന്‍, ആര്‍ ജയന്ത് കുമാര്‍, കാനേഷ് പൂനൂര്‍, പ്രൊഫ. എം അബ്ദുറഹിമാന്‍, വില്‍സണ്‍ സാമുവല്‍, പി വി ജിജോ, ഹസ്സന്‍ തിക്കോടി, എ സജീവന്‍, അഡ്വ. പി എം ആതിര, അഡ്വ ഫാത്വിമ തഹ്ലിയ, എം എ ജോണ്‍സണ്‍, എസ് കെ സജീഷ്, പ്രൊഫ. പി കെ പോക്കര്‍, മുഹ്‌സിന്‍ പരാരി, സക്കരിയ, അഷ്‌റഫ് മുഹമ്മദ്, സി പി അബ്ദുറഹിമാന്‍ തുടങ്ങി വിവിധ മേഖലകളിലെ നൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
എം സ്വരാജ് സമാപന പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഗുലാബ് ജാന്‍ സ്വാഗതം പറഞ്ഞു.
പ്രമുഖ നാടകകൃത്ത് സതീഷ് കെ സതീഷ് സംവിധാനം ചെയ്ത സ്‌കിറ്റും ഉസ്താദ് വിനോദ് ശങ്കരന്റെ സിത്താര്‍ വാദനവും സന്തോഷ് നിസ്വാര്‍ഥയുടെ ക്ലാരനറ്റ് വാദനവും അരങ്ങേറി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഗാനാലാപനവും നാടന്‍ പാട്ടുകളുടെ ആലാപനവും നടന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പ്രമുഖ കവികളുടെ കവിതാലാപനവുമുണ്ടായിരുന്നു.


