From the print
3,791 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം
ഇതോടെ 12,321 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേര്‍, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍ അവസരം ലഭിച്ചത്. നേരത്തേ 8,530 പേരെ ഹജ്ജിന് തിരഞ്ഞെടുത്തിരുന്നു. ഇതോടെ 12,321 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത മാസം 11നകം ആദ്യഗഡുവായ 1,52,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ- ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് എസ് ബി ഐ അല്ലെങ്കില്‍ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍: 04832710717.