Connect with us

Kerala

കളമശ്ശേരി ജുഡീഷ്യല്‍ സിറ്റിക്ക് 27 ഏക്കര്‍ ഭൂമി; കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിന് അംഗീകാരം

പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം | എച്ച് എം ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി മന്ത്രിസഭാ യോഗം. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

കേരള പൊതുസേവനാവകാശ ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സര്‍വകലാശാലാ ആക്ടുകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതിനുള്ള കരട് ബില്ലും അംഗീകരിച്ചു.

മറ്റ് തീരുമാനങ്ങള്‍:
സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കും
കെല്‍ട്രോണ്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കും.

തസ്തിക
കണ്ണൂര്‍, അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ 6 എച്ച് എസ് ടി തസ്തികയും, 2023-2024 അധ്യയന വര്‍ഷത്തില്‍ ഒമ്പത് എച്ച് എസ് ടി തസ്തികയും ഒരു ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി, ഒരു ജൂനിയര്‍ ലാംഗ്വേജ് അറബിക് തസ്തികകളും അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററില്‍ രണ്ട് സയന്റിഫിക് ഓഫീസര്‍ (ന്യൂക്ലിയര്‍ മെഡിസിന്‍) തസ്തിക സൃഷ്ടിക്കും. എറണാകുളം സെന്റ് തെരേസാസ് കോണ്‍വന്റ് ഗേള്‍സ് എച്ച് എസ് എസിലെ എച്ച് എസ് എസ് ടി-ജൂനിയര്‍ (ഫ്രഞ്ച്) തസ്തിക എച്ച് എസ് എസ് ടി (ഫ്രഞ്ച്) തസ്തികയായി ഉയര്‍ത്തും.

പിണറായി എജ്യുക്കേഷന്‍ ഹബില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തിക ഗ്രേഡ് III തസ്തികയാക്കി ഉയര്‍ത്തും.

ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ലെയും സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം 2018 ലെയും വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് നിയമനം. അഡ്വ. കെ എന്‍ സുഗതന്‍ (പൊതു വിഭാഗം) (എറണാകുളം രാമമംഗലം സ്വദേശി), രമേശന്‍ വി (പട്ടികജാതി വിഭാഗം) (പെരിന്തല്‍മണ്ണ സ്വദേശി), മുരുകേഷ് എം (പട്ടികവര്‍ഗ വിഭാഗം) (പാലക്കാട് കാവുണ്ടിക്കല്‍ സ്വദേശി), ഷീല ടി കെ (ഷീല വിജയകുമാര്‍) (വനിതാ വിഭാഗം) (തൃശൂര്‍ ആലപ്പാട് സ്വദേശി).

ശമ്പള പരിഷ്‌ക്കരണം
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് കൂടി 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിന്റെ ആനുകൂല്യം ബാധകമാക്കും. കെ സി സി പി ലിമിറ്റഡിലെ ജീവനക്കാരുടെയും തെഴിലാളികളുടെയും ശമ്പള പരിഷ്‌ക്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ 01/01/2017 പ്രാബല്യത്തില്‍ നടപ്പാക്കും. എംപ്ലോയറുടെ ഇ പി എഫ് വിഹിതത്തിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരും. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ മാനേജീരിയില്‍ വിഭാഗം ജീവനക്കാരുടെ 01/10/2013 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും.

ധനസഹായം
തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അഗ്‌നിമിത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചു.

ഒഴിവാക്കി നല്‍കും
കേരളത്തില്‍ ബി എസ് എന്‍ എല്‍ മുഖേന നടപ്പാക്കുന്ന ഫോര്‍ ജി സാച്ചുറേഷന്‍ പദ്ധതിക്കായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഈടാക്കി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്/സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഇനത്തിലെ 36,61,424 രൂപ ഒഴിവാക്കും.

ഇളവ്
ഫെഡറല്‍ ബേങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് വിദ്യാഭ്യാസ വികസനത്തിനായി എറണാകുളം മുക്കന്നൂര്‍ വില്ലേജിലെ 33.11 ഏക്കര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള 18.11 ഏക്കറിന് ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം ഇളവ് അനുവദിക്കും. ഒഴിവ് നല്‍കിയ ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയാണിത്.

പുനര്‍നിയമനം
ജലസേചന വകുപ്പിലെ ഇന്റര്‍‌സ്റ്റേറ്റ് വാട്ടര്‍ വിംഗില്‍ ഉപദേഷ്ടാവായി കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് ലിമറ്റഡ് ചീഫ് എന്‍ജിനീയറായി വിരമിച്ച ജെയിംസ് വില്‍സണെ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമിക്കും.

ടെണ്ടര്‍ അംഗീകരിച്ചു
കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഗേള്‍സ് ഹോസ്റ്റലിലെ എം ഇ പി വര്‍ക്കിന്റെയും ടീച്ചിംഗ് ക്വാര്‍ട്ടേഴ്‌സിലേയും സബ്‌സ്റ്റേഷനിലേയും സിവില്‍ ജോലികളുടെയും നെഗോസിഷേയനിലൂടെ ക്വാട്ട് ചെയ്ത 7,29,19,206 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

‘കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം-II പാക്കേജ് 2- തലവടി, എടത്വാ, വീയപുരം എന്നിവിടങ്ങളിലേക്കുള്ള ട്രാന്‍സ്മിഷന്‍ മെയിന്‍ IAI ന്റെ വിതരണവും, സ്ഥാപിക്കലും, തലവടി, എടത്വ എന്നിവിടങ്ങളില്‍ ഉന്നതതല ജലസംഭരണിയുടെ നിര്‍മാണം, വീയപുരത്തും തലവടിയിലും നിലവിലുള്ള ഉന്നതതതല ജലസംഭരണികളുടെ നവീകരണം-ജനറല്‍ സിവില്‍ വര്‍ക്ക്’ എന്ന പ്രവൃത്തിയ്ക്ക് 23,78,86,926 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. പഴയ ദേശീയപാത 66 ല്‍ ആല്‍ത്തറമൂട് മുതല്‍ മേവറം വരെയുള്ള BC overlay പ്രവൃത്തികള്‍ക്ക് 2,07,26,650 രൂപയുടെ ടെണ്ടറും അംഗീകരിച്ചു.