Kerala
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത 19 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; ഗുരുതര വീഴ്ചയെന്ന് യാത്രക്കാര്‍
സുരക്ഷിത സ്ഥലമെന്ന് കരുതി റെയില്‍വെ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. മോഷ്ടാക്കളോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം| തിരുവനന്തപുരം റെയില്‍വെ പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തു. സുരക്ഷിത സ്ഥലമെന്ന് കരുതി റെയില്‍വെ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. മോഷ്ടാക്കളോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തര്‍ത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്റെ സീറ്റില്‍ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളില്‍ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്കെടുത്തിട്ടിരുന്നു.
ഇത്രയും കാറുകള്‍ നശിപ്പിച്ചിട്ടും കരാര്‍ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാര്‍ വിവരം അറിഞ്ഞിട്ടില്ല. പാര്‍ക്കിങ്ങിന് പണം വാങ്ങുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചുതകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല. പാര്‍ക്കിംഗ് ഗൗണ്ടിന്റെ ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി കാമറകളൊന്നും പ്രവര്‍ത്തിക്കുന്നുമില്ലെന്ന് ഉടമകള്‍ പറയുന്നു.




