International
ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു; ഗസ്സയിലും ആക്രമണം
അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്റാഈലി സൈന്യം രാത്രികാല റെയ്ഡുകൾ നടത്തി.
ഗസ്സ സിറ്റി | തെക്കൻ ലെബനനിലെ സിഡോണിനടുത്തുള്ള ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിന് നേരെ കഴിഞ്ഞ രാത്രി വൈകി ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിലവിലുള്ള വെടിനിർത്തൽ ലംഘിച്ച് കിഴക്കൻ ഗസ്സ സിറ്റിയിലെ ഒരിടത്തും ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്റാഈലി സൈന്യം രാത്രികാല റെയ്ഡുകൾ നടത്തി. ജെനിൻ, ബത്‌ലഹേം, ടൂബാസ് എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്. അൽ-യമൂൻ ടൗണിൽ നടന്ന റെയ്ഡിനിടെ ഇസ്റാഈലി സൈന്യം 14 വയസ്സുകാരനെ വെടിവെച്ച് പരിക്കേൽപ്പിച്ചു.
ഹെബ്രോണിനടുത്തുള്ള ബൈത്ത് ഉമ്മർ ടൗണിൽ, ഇസ്റാഈലി സൈന്യം ഒരു വീട് ആക്രമിക്കുകയും വീട്ടുകാരെ മർദ്ദിച്ച ശേഷം പുറത്താക്കുകയും ചെയ്തു. തുടർന്ന് വീടിന്റെ പ്രവേശന കവാടം ഇരുമ്പ് ഷീറ്റ് വെച്ച് അടച്ചുപൂട്ടിയതായി വാഫാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഗസ്സ ഭരണസമിതിയിൽ എല്ലാ പ്രമുഖ രാജ്യങ്ങളുടെയും തലവൻമാർ ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. എന്നാൽ ഈ നിർദ്ദേശം ‘ദേശീയ ഇച്ഛാശക്തിയെ’ തകർക്കുന്നതാണെന്ന് ആരോപിച്ച് ഹമാസ് തള്ളി.



