International
അക്കൗണ്ട് മരവിപ്പിച്ച കേസ് ഒത്തുതീർപ്പാക്കാൻ യൂട്യൂബ് ട്രംപിന് നൽകിയത് 24.5 മില്യൺ ഡോളർ
2021ലെ യു എസ് കാപ്പിറ്റോൾ കലാപത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ച കേസിലാണ് ഒത്തുതീർപ്പ്

വാഷിങ്ടൺ ഡി സി | 2021ലെ യു എസ് കാപ്പിറ്റോൾ കലാപത്തെത്തുടർന്ന് അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനെതിരെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കേസ്, വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് 24.5 മില്യൺ ഡോളർ (ഏകദേശം 204 കോടി രൂപ) നൽകി ഒത്തുതീർപ്പാക്കി. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, ഈ ഒത്തുതീർപ്പ് പ്രകാരം ട്രംപിന് വേണ്ടി 22 മില്യൺ ഡോളർ ‘ട്രസ്റ്റ് ഫോർ ദി നാഷണൽ മാൾ’ എന്ന സർക്കാരിതര സ്ഥാപനത്തിന് സംഭാവന ചെയ്യും. വൈറ്റ് ഹൗസിൽ 200 മില്യൺ ഡോളർ ചെലവിൽ ഒരു ബോൾറൂം നിർമ്മിക്കുന്ന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണിത്.
ട്രംപിനോടൊപ്പം കേസിലെ മറ്റ് വാദികളായ അമേരിക്കൻ കൺസർവേറ്റീവ് യൂണിയൻ, അമേരിക്കൻ എഴുത്തുകാരി നവോമി വുൾഫ് എന്നിവർക്ക് ശേഷിക്കുന്ന 2.5 മില്യൺ ഡോളർ ലഭിക്കും. നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ തിങ്കളാഴ്ച സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തങ്ങൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി യൂട്യൂബ് ഒത്തുതീർപ്പിൽ സമ്മതിക്കുന്നില്ല. തർക്കത്തിലുള്ള വാദങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനും കൂടുതൽ വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിനും മാത്രമായാണ് ഈ ഒത്തുതീർപ്പ് എന്ന് കോടതി രേഖയിൽ പറയുന്നു. 2025 ലെ രണ്ടാം പാദത്തിൽ മാത്രം ഏകദേശം 9.8 ബില്യൺ ഡോളർ പരസ്യവരുമാനം നേടിയ യൂട്യൂബിനെ സംബന്ധിച്ചിടത്തോളം ഈ തുക താരതമ്യേന ചെറുതാണ്.
2021 ജനുവരി ആറിനായിരുന്നു ക്യാപിറ്റോൾ കലാപം. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ കൈയ്യേറുകയായിരുന്നു. ഈ ആക്രമണത്തെത്തുടർന്ന് തനിക്ക് അനാവശ്യ സെൻസറിംഗ് നേരിട്ടുവെന്ന ട്രംപിന്റെ ആരോപണം പരിഹരിക്കുന്നതിനായി മെറ്റാ പ്ലാറ്റ്‌ഫോമുകളും എക്സും മില്ല്യൺ കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പുവ്യവസ്ഥയിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആകെ മൂന്ന് കേസുകളിലുമായി മൊത്തം 60 മില്യൺ ഡോളറാണ് ട്രംപിനും അനുകൂലികൾക്കും ലഭിച്ചത്.