Connect with us

Kerala

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ആക്രി ആരുമറിയാതെ തൂക്കിവിറ്റു; എസ് ഐക്കെതിരെ പരാതി

എസ് ഐ. ജയകുമാറിനെതിരെയാണ് പരാതി.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ നിന്നുള്ള ആക്രി സാധനങ്ങള്‍ ആരുമറിയാതെ എസ് ഐ തൂക്കിവിറ്റതായി പരാതി. എസ് ഐ. ജയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് സംഭവം. എ ആര്‍ ക്യാമ്പിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി വടശേരിക്കരക്ക് സമീപം ചെങ്ങറ മുക്കിലുള്ള ആക്രി കടയില്‍ എത്തിച്ചു വിറ്റ് പണം വാങ്ങുകയായിരുന്നു. ക്യാമ്പിലെ ആക്രി സാധനങ്ങള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ നടപടിക്രമങ്ങളുണ്ട്. ടെന്‍ഡര്‍ വിളിച്ചാണ് എന്തു സാധനവും വില്‍ക്കേണ്ടത്. ഇവിടെ ഒരു നടപടി ക്രമവും പാലിക്കാതെ എസ് ഐ സാധനങ്ങള്‍ കൊണ്ടു പോയി വില്‍ക്കുകയായിരുന്നു. ജയകുമാറിനോട് വിരോധമുള്ള ഒരു പോലീസുകാരനാണ് വില്‍പന വിവാദമാക്കിയത്. ഇയാള്‍ ആക്രിക്കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരാതി നല്‍കുകയായിരുന്നു. തെളിവു സഹിതം പരാതി വന്നതോടെ എസ് ഐ വെട്ടിലായി.

ആക്രി വിറ്റു കിട്ടിയ പണം എസ് ഐ തിരികെ അടച്ചു തലയൂരാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വിശദമായ റിപോര്‍ട്ട് ക്യാമ്പ് കമാന്‍ഡന്റ് എസ് പിക്ക് സമര്‍പ്പിച്ചുവെന്നാണ് അറിയുന്നത്. എസ് ഐക്കെതിരേ നടപടിയുണ്ടായേക്കും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും സഹപ്രവര്‍ത്തകനെ മര്‍ദിച്ചതിനും അടക്കം നിരവധി തവണ നടപടി നേരിട്ടിട്ടുള്ളയാളാണ് ജയകുമാര്‍.

 

Latest