From the print
അവിസ്മരണീയ സ്വീകരണമൊരുക്കി മഅ്ദിന്‍ അക്കാദമി
മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ യാത്രാ നായകര്‍ക്ക് പൂച്ചെണ്ടുകള്‍ കൈമാറി.
തിരൂര്‍ | കേരളയാത്രാ സംഘത്തിനുള്ള സ്വീകരണം അവിസ്മരണീയമാക്കി മഅ്ദിന്‍ അക്കാദമി. അക്കാദമി മാനേജ്മെന്റും സ്റ്റാഫും വിദ്യാര്‍ഥികളുമാണ് സ്വീകരണമൊരുക്കിയത്. സംഘത്തിന് മഅ്ദിന്‍ അക്കാദമിയിലും അനുബന്ധ വീടുകളിലുമായിരുന്നു താമസം. മഅ്ദിന്‍ അധികൃതര്‍ പ്രഭാത വിരുന്നുമൊരുക്കി. രാവിലെ എട്ടരയോടെ, മനുഷ്യ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അസംബ്ലിയോടെയാണ് സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്.
ജാഥാ ഉപനായകനും മഅ്ദിന്‍ അക്കാദമി സാരഥിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളെയും ഉപനായകനായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയെയും കോട്ട് അണിയിക്കുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ ടീമംഗങ്ങള്‍ക്കിടയിലൂടെ നേതാക്കള്‍ മുന്നോട്ടുനീങ്ങി.
മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ യാത്രാ നായകര്‍ക്ക് പൂച്ചെണ്ടുകള്‍ കൈമാറി. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വദഖ ഫണ്ടിലേക്ക് സമാഹരിച്ച രണ്ട് ലക്ഷത്തിലധികം രൂപയുടെ ചെക്ക് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിക്ക് കൈമാറി. യാത്രയുടെ പ്രമേയമായ ‘മനുഷ്യര്‍ക്കൊപ്പം’ എന്നത് വിദ്യാര്‍ഥികളെ അണിനിരത്തി അക്ഷരരൂപത്തില്‍ ആവിഷ്‌കരിച്ചു.



